തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്തുതിക്കുന്നതില്‍ അമിത ആവേശം കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതെല്ലാം തലങ്ങളിലാണ് കേന്ദ്രസര്‍ക്കാരിന്റെ ക്രിയാത്മകമായ പിന്തുണ കേരളത്തിന് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
കേരളസന്ദര്‍ശനത്തിനിടയില്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം വളരെ ക്രൂരമായി ലംഘിച്ചതിനെ കുറിച്ച് പിണറായി എന്ത് പറയുന്നു.
ഗുരുതരമായ വിലതകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലെത്തിയ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരു രൂപപോലും വിലസ്ഥിരതാ ഫണ്ടില്‍ നിന്നും നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടും വ്യവസായ ലോബിയുടെ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി റബ്ബര്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകാത്ത സമീപനവും എങ്ങനെയാണ് ക്രിയാത്മകമാകുക.
പാമോയിലിന്റെ അനിയന്ത്രിത ഇറക്കുമതി തടയാന്‍ നടപടി സ്വീകരിക്കാതെ കേരകര്‍ഷകരെ ദുരിതത്തിലാക്കിയതും നാണ്യവിളകളെ സംരക്ഷിക്കാന്‍ ഫലപ്രദമായിയാതൊന്നും ചെയ്യാത്തതുമായ നരേന്ദ്രമോഡിയുടെ കര്‍ഷകവിരുദ്ധ സമീപനത്തെ കുറിച്ച് പിണറായി വിജയന്‍ എന്ത് പറയുന്നു.
പരമ്പരാകത മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വയ്ക്കുന്നതിന് തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം ഇതേവരെ അംഗീകരിച്ചില്ല. ആഗോള കമ്പോളത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞിട്ടും അതിന് ആനുപാതികമായി പെട്രോളിന്റെയും ഡീസലിന്റെയും വിലകുറയ്ക്കാതെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വലിയ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടു. പ്രവാസിവകുപ്പ് നിഷ്‌കരുണം നിര്‍ത്തലാക്കി പ്രവാസി സമൂഹത്തെ ദ്രോഹിച്ചു.
കടല്‍ക്കൊല കേസില്‍ മത്സ്യത്തൊളിലാളികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി ഇറ്റാലിയന്‍ നാവികരെ സ്വതന്ത്രരാക്കി. സ്മാര്‍ട്ട് സിറ്റി അനുവദിക്കുന്ന കാര്യത്തില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കാതെ സംസ്ഥാനത്തെ അവഗണിച്ചു. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന നടപടി സ്വീകരിച്ച് കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന് വന്‍ ഭീഷണി ഉയര്‍ത്തി. ഇതെല്ലാം ചെയ്ത നരേന്ദ്രമോഡിക്ക് സ്തുതിഗീതം പാടുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യോജിച്ചതാണോ എന്ന് സുധീരന്‍ ചോദിച്ചു.
തുടര്‍ച്ചയായ ഉണ്ടാകുന്ന റെയില്‍ അപകടങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യങ്ങളോട് നിഷ്‌ക്രിയ മനോഭാവം വച്ച് പുലര്‍ത്തുന്ന നരേന്ദ്രമോഡിക്ക് മംഗളപത്രം സമര്‍പ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.