കൊല്‍ക്കത്ത: പ്രതീക്ഷിക്കുന്നത് പോലെ ജനങ്ങളെ റാലിയിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന സംശയത്തിന്റെ പേരില്‍ മോദി കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്താനിരുന്ന റാലി മാറ്റിവെച്ചു.
ആദ്യം ജനുവരി 23-ന് നടത്താനിരുന്ന റാലി പിന്നീട് 29-ലേക്കും ഫെബ്രുവരി എട്ടിലേക്കും മാറ്റിയിരുന്നു. എന്നാല്‍, ഫെബ്രുവരി എട്ടിനും പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി നടക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ബ്രിഗേഡിലേക്കെത്തില്ലെങ്കിലും ജനുവരി 28-ന് സിലിഗുഡിയിലും 31-ന് ഠാക്കൂര്‍നഗറിലും ഫെബ്രുവരി എട്ടിന് അസന്‍സോളിലും മോദി റാലികളില്‍ പ്രസംഗിക്കുമെന്ന് ഘോഷ് പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ബ്രിഗേഡ് റാലിക്ക് ധാരാളം ജനങ്ങളെ എത്തിക്കാനാവുമോ എന്ന കാര്യത്തില്‍ കേന്ദ്രനേതാക്കള്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് റാലി മാറ്റിവെക്കുന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. പാര്‍ട്ടി നടത്താനിരുന്ന ജനാധിപത്യരക്ഷാ യാത്രകളുടെ തുടര്‍ച്ചയായാണ് റാലി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, യാത്രകള്‍ നടത്താന്‍പറ്റാത്ത സാഹചര്യമാണുണ്ടായത്. അതിനാല്‍ ബ്രിഗേഡ് റാലിക്കുപകരം ജില്ലകള്‍തോറും റാലികള്‍ നടത്തി അതില്‍ കേന്ദ്രനേതാക്കളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് -ഘോഷ് വിശദീകരിച്ചു.