ന്യൂഡല്‍ഹി: ഇന്ത്യകണ്ട ഏറ്റവും ചെലവേറിയ പ്രധാമന്ത്രിയായി മാറുകയാണ് നരേന്ദ്ര മോദി. മോദി നടത്തിയ വിദേശ യാത്രയുടെ ചെലവുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രം. 2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രയുടെ വ്യക്തമായ കണക്കാണ് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ദിരാ ഗാന്ധി നേടിയെടുത്ത റെക്കോര്‍ഡിനരികെ എത്തിയിരിക്കുകയാണ് വെറു അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് നാലുവര്‍ഷവും 7 മാസങ്ങളും പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ 92 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള സന്ദര്‍ശനം ഉള്‍പ്പെടെയാണ് കണക്ക്. 2009ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നത് മുതല്‍ 2018ല്‍ വരെ രാജ്യത്തെ പ്രധാനമന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങളുടെ വിശദാംശങ്ങളാണ് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
ഏറ്റവും അധികം വിദേശ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് ഇന്ദിരാ ഗാന്ധിക്കാണ് സ്വന്തം. 15 വര്‍ഷങ്ങള്‍ കൊണ്ട് 113 രാഷ്ട്രങ്ങളാണ് ഇന്ദിരാ ഗാന്ധി സന്ദര്‍ശിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 93 വിദേശ സന്ദര്‍ശനങ്ങളാണ് നടത്തിയത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന റെക്കോര്‍ഡ് നരേന്ദ്ര മോദിക്ക് തന്നെയാണ്. 15 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ദിരാ ഗാന്ധി 113 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയത്. മന്‍മോഹന്‍ സിംഗ് ആകട്ടെ 10 വര്‍ഷത്തിനുള്ളിലാണ് 93 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ചാല്‍ ഏറ്റവും കൂടുതല്‍ വിദേശ സന്ദര്‍ശനം നടത്തിയ രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് മോദിക്ക് സ്വന്തമാകും.
വിദേശ യാത്രകള്‍ക്ക് ഇത്രയധികം തുക ചെലവഴിച്ച പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും നരേന്ദ്ര മോദിക്ക് സ്വന്തമാണ്. 92 വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ഇതുവരെ ചിലവഴിച്ചത് 2,021 കോടി രൂപയാണ്. ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളുടെയും വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മാത്രം ചിലവഴിച്ച തുകയാണിത്. പ്രധാനമന്ത്രിയുടെ താമസത്തിന്റെയും പരിചാരകരുടെ ചിലവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് വിദേശ സന്ദര്‍ശനത്തിനായി ചിലവഴിച്ചത് 1350 കോടി രൂപയാണ്. രസകരമായ മറ്റൊരു കാര്യം 2021 കോടി രൂപയ്ക്ക് നരേന്ദ്രമോദി 92 വിദേശ പര്യടനങ്ങള്‍ നടത്തിയപ്പോള്‍ 1350 കോടി രൂപയ്ക്ക് മന്‍മോഹന്‍ സിംഗ് 50 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയത്
പ്രധാനമന്ത്രി പദത്തിലെത്തി ആദ്യ വര്‍ഷത്തിനുള്ളില്‍ 24 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 2015 ഏപ്രിലിലെ 9 ദിനവിദേശ പര്യടനമായിരുന്നു ഏറ്റവും ചിലവേറിയ യാത്ര. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നി രാജ്യങ്ങളിലേക്ക് നടത്തിയ സന്ദര്‍ശനത്തില്‍ 31.25 കോടി രൂപയാണ് ചാര്‍ട്ടേഡ് ഫ്‌ലൈറ്റിനായി ചിലവഴിച്ചത്. മ്യാന്‍മാര്‍, ഫിജി, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി 22. 58 കോടി രൂപയും ചിലവഴിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ പ്രധാനമന്ത്രി വിദേശ യാത്രകള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പ്രധാന പരിപാടികള്‍ വരും മാസങ്ങളില്‍ നടക്കാനില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.