ഗുജറാത്തിലെ മോദിയുടെ റാലികളില്‍ ആളില്ല; ആളെക്കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത്

അഹമ്മദാബാദ്: മോദി ഗുജറാത്തില്‍ നടത്തുന്ന റാലികള്‍ക്ക് ആളില്ലെന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസം പങ്കെടുത്ത നാല് തിരഞ്ഞെടുപ്പ് റാലികളില്‍ രണ്ടെണ്ണത്തിലും ജനപങ്കാളിത്തമുണ്ടായിരുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇത് തെളിയിക്കുന്ന വീഡിയോകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ ബി.ജെ.പി ഈ ആരോപണം നിഷേധിക്കുന്നുണ്ടെങ്കിലും നാളെ നടക്കുന്ന മോദിയുടെ പരിപാടിയില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ചുമതല നല്‍കി. ‘ഗുജറാത്തിന്റെ മകനെ കാണാന്‍ വരൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മോദിയുടെ ചടങ്ങിലേക്ക് ആളെ ക്ഷണിക്കുന്നത്.

കഴിഞ്ഞ ദിവസം കച്ച് ജില്ലയിലെ ഭുജ്ജ്, സൗരാഷ്ട്രയിലെ ജസ്ദാന്‍, ധാരി, സൂറത്തിലെ കഡോദര എന്നിവിടങ്ങളിലാണ് മോദി പ്രചാരണം നടത്തിയത്. എന്നാല്‍ ജസ്ദാനിലും ധാരിയിലും ആളുകള്‍ കുറവായത് ബി.ജെ.പി നേതൃത്വത്തെ അലട്ടുന്നുണ്ട്. ജസ്ദാനില്‍ 7000വും ധാരിയില്‍ 1000വും ആളുകള്‍ പങ്കെടുത്തെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയ സ്ഥലമാണ് ജസ്ധാര. മറ്റൊരു വേദിയായ ധാരിയാകട്ടെ കോണ്‍ഗ്രസ് സ്വാധീന മേഖലയുമാണ്.

അതേസമയം, മോദി പങ്കെടുത്ത പരിപാടിയില്‍ ആളുകള്‍ കുറഞ്ഞിട്ടില്ലെന്ന് ജസ്ധാരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ.ഭാരത് ഭൊഗാര പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പരിപാടി തുടങ്ങുന്നതിന് മുമ്പ് ചിത്രീകരിച്ചതാണ്. മോദി സംസാരിക്കുന്ന ദൃശ്യങ്ങള്‍ കലര്‍ത്തി എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പരിപാടിയ്ക്ക് 50,000ത്തോളം ആളുകള്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ രണ്ട് ഘട്ടമായി ഡിസംബര്‍ ഒമ്പതിനും പതിനാലിനുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Top