ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ തന്റെ പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെ കണക്കിന് വിമര്‍ശിച്ചത്. കൂടാതെ ആള്‍്കകൂട്ട ആക്രമണങ്ങളെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും മോദി തന്റെ പ്രസംഗത്തില്‍ പരാമശിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫലമെന്ന് മോദി പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യം തോറ്റു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? എന്താണ് അമേതിയില്‍ സംഭവിച്ചത്. ഏത് തരത്തിലുള്ള വാദങ്ങളാണ് ഇവര്‍ പറയുന്നത്.
കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ തോറ്റു എന്നാണോ ഇവര്‍ പറയുന്നതെന്നും മോദി ചോദിച്ചു. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തെറ്റുകള്‍ തിരിച്ചറിയാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നന്ദിപ്രമേയ ചര്‍ച്ചയിലാണ് മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പില്‍ 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. മോദിയുടെ ജയം ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെയാണെന്ന കോണ്‍ഗ്രസ് വാദത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് പെയ്ഡ് മീഡിയ ഉണ്ടോയെന്നും മാദ്ധ്യമങ്ങളെ ബി.ജെ.പി വിലക്കെടുത്തു എന്ന യുക്തി കേരളത്തിനും തമിഴ്‌നാടിനും ബാധകമാണോയെന്നും അദ്ദേഹം ചോദിച്ചു.