കൊച്ചി: നിയമ വിദ്യാർത്ഥി മോഫിയ പർവീണിന് നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി നൽകുക. മോഫിയയുടെ ഭർത്താവ് സുഹൈലിന്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.
ദുരൂഹമായ പശ്ചാത്തലം ഉള്ളയാളായിരുന്നു മുഹമ്മദ് സുഹൈൽ. സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണം. കോടതി മേൽനോട്ടത്തിൽ തന്നെ അന്വേഷിച്ചാലെ മുഴുവന‍് കാര്യങ്ങളും പുറത്ത് വരുകയുള്ളൂ എന്ന് പിതാവ ദിൽഷാദ് സലിം പറഞ്ഞു.
ഇതിനായി കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം. പരാതിയിൽ നടപടി എടുക്കാതിരിക്കാൻ സിഐ സുധീറിന് മേൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഇവരെ പുറത്തു കൊണ്ടു വരണം. സുധിറിനെതിരെ നടക്കുന്ന വകുപ്പ് തല അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൊഫിയയുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. എന്നാൽ ഇത് കൊണ്ട് മാത്രം മൊഫിയക്ക് നീതികിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പ്രതികൾ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഭർത്താവിനും കുടുംബത്തിനും സിഐ സുധീറിനുമെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് നിയമവിദ്യാർത്ഥിയായ മോഫിയ ആത്മഹത്യ ചെയ്തത്.