ആട്‌തോമ വീണ്ടും; മോഹന്‍ലാലും ഇനിയയും സ്‌റ്റേജ് ഇളക്കിമറിച്ചു

മലയാളത്തിന്റെ സിനിമാ സംഘടനയും മഴവില്‍ മനോരമയും ചേര്‍ന്നൊരുക്കിയ ‘ അമ്മ മഴവില്ല്’ മെഗാ ഷോ ഗംഭീരമായി. നിരവധി കലാപരിപാടികളാണ് താരങ്ങള്‍ ആരാധകര്‍ക്കായി ഒരുക്കിയത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് മോഹന്‍ലാലിന്റെ ഡാന്‍സ് ആണ്. സ്ഫടികം സിനിമയില്‍ മോഹന്‍ലാലും സില്‍ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന ഗാനം ഇത്തവണ ഇനിയയ്‌ക്കൊപ്പം ലാലേട്ടന്‍ കളിച്ചു. സില്‍ക്കിനെ ഓര്‍ക്കുന്ന വിധമാണ് ഇനിയയുടെ പ്രകടനം. സിനിമയില്‍ കണ്ട അതേ വസ്ത്രരീതിയാണ് സ്റ്റേജിലും.

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ പതിനായിരങ്ങള്‍ക്കുമുന്നില്‍ വിണ്ണില്‍നിന്നെന്നപോലെ താരങ്ങള്‍ ഇറങ്ങിവന്നപ്പോള്‍ ജനംഇളകിമറിഞ്ഞു. അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുല്‍ഖര്‍ സല്‍മാനും ഭൂതമായി മോഹന്‍ലാലും സ്റ്റേജില്‍ എത്തി. ഇതോടെ ആരാധക സംഘങ്ങള്‍ ഇളകി മറിഞ്ഞു, ആര്‍പ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാല്‍ മമ്മൂട്ടി വേദിയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അതൊരു ഒന്നൊന്നരവരവായിരുന്നു. മമ്മൂട്ടി , മോഹന്‍ലാലിന്റെ ജിന്നിനോട് ആവശ്യപ്പെട്ടത്, തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹന്‍ലാലിന്റെ മറുപടി. ഒടുവില്‍ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേര്‍ന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. വിനീത് ശ്രീനിവാസന്‍ തന്റെ ഗാനങ്ങളുമായി കാണികളുടെ കയ്യടി നേടി.

അനുരാഗത്തിന്‍ വേളയില്‍ മുതല്‍ നരനിലെ ഗാനം വരെ വിനീത് ആലപിച്ചു. പിന്നാലെ തമിഴ് സിനിമാ ഗാനങ്ങളുമായി രമ്യാ നമ്പീശന്‍ എത്തി. പിന്നെ എല്ലാവരും കാത്തിരുന്ന പ്രകടനം…നമിതപ്രമോദ്, ഷംനകാസിം തുടങ്ങിയ താരസുന്ദരിമാര്‍ക്കൊപ്പം മോഹന്‍ലാല്‍ ഇരുവര്‍ മുതലുള്ള തന്റെ ചിത്രങ്ങളിലെ ഗാനങ്ങളുമായി ആടിത്തിമര്‍ത്തു. കാണികളും ഒപ്പം കൂടി.

‘ജയറാം–സിദ്ദീഖ്’ ചിരിമേളം പിന്നാലെ ജയറാം, സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നു പഴയകാല താരങ്ങളെ അനുകരിച്ചു നടത്തിയ സ്‌കിറ്റ് പൊട്ടിച്ചിരിയുടെ മേളം തീര്‍ത്തു. ചിരിയുത്സവം തീര്‍ത്താണ് ജയറാമും സിദ്ദീഖും അണിയറയിലേക്കു മടങ്ങിയത്. ഇതിനു പിന്നാലെ മമ്മൂട്ടി, മുകേഷ്, ജയസൂര്യ തുടങ്ങിയവര്‍ വേദിയില്‍ എത്തി.

കോമഡി നമ്പറുകളുമായി രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, പാഷാണം ഷാജിയെന്ന സൈജു നവോദയ തുടങ്ങിയവരാണു കാണികളെ ഇളക്കി മറിച്ചത്. പുണ്യാളന്‍ അഗര്‍ബത്തീസിലെ ആശിച്ചവന്‍ എന്നു തുടങ്ങുന്ന ഗാനവുമായാണു ജയസൂര്യ കാണികളെ കയ്യിലെടുത്തത്. മെഗാഷോ സമാപിച്ചപ്പോള്‍ ഇത്ര പെട്ടെന്നു കഴിഞ്ഞോയെന്ന സങ്കടത്തിലായിരുന്നു ആരാധകപ്പട.

Top