സംവിധായകന്‍ ഉഴപ്പി എടുത്ത ചിത്രമാണ് പ്രേമം എന്ന ചിത്രം എന്ന സംസ്ഥാന ജൂറി ചെയര്‍മാന്‍ മോഹനന്റെ പരാമര്‍ശം വിവാദത്തിന് വഴിവെച്ചിരുന്നു. ഒട്ടേറെ പ്രമുഖര്‍ ജൂറിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഉരുളക്കുപ്പേരി പോലെ മറുപടിയും നല്‍കി. അല്‍ഫോന്‍സിന്റെ പ്രതികരണത്തിനെക്കുറിച്ച് മോഹനന് പറയനുള്ളതിങ്ങനെ.
അല്‍ഫോന്‍സിന് എന്റെ മനസിലൊരു വിലയുണ്ടായിരുന്നു. ഇപ്പോഴത്തെ ഈ അഭിപ്രായ പ്രകടനത്തിലൂടെ അല്‍ഫോന്‍സ് തകര്‍ത്ത് കളഞ്ഞത് അതാണ്. ആകെ രണ്ടു ചിത്രങ്ങളല്ലേ അല്‍ഫോന്‍സ് ചെയ്തിട്ടുള്ളൂ. ജൂറിക്കു മുന്നിലേക്കെത്തിയ79 ചിത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ് പ്രേമം. അതിനുമപ്പുറം മഹത്തരമാണ് പ്രേമം എന്ന് കരുതുന്നില്ല.
ശിങ്കിടികള്‍ ഒരുപാടു പേരുണ്ടാകും ചിത്രത്തെ പൊക്കിപ്പറയുവാന്‍. അതുകേട്ട് നമ്മളൊരിക്കലും തുള്ളാന്‍ നില്‍ക്കരുത്. അതൊരിക്കലും ശരിയായ കാര്യമല്ലെന്നും മോഹന്‍ പറഞ്ഞു. കലാസൃഷ്ടികള്‍ അതാര് ചെയ്യുന്നതായാലും, അത് മാത്രമാണ് ശരിയായിട്ടുള്ളതെന്ന് ചിന്തിക്കരുത്. അതൊരിക്കലും നല്ല കാര്യമല്ല. മറ്റുള്ളവരുടെ കലാ സൃഷ്ടി ആസ്വദിക്കാനുള്ള സഹിഷ്ണുതാ മനോഭാവമാണ് ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ട് വേണ്ടത്.
അവനവന്റെ മാത്രം നല്ലതെന്ന് ചിന്തിക്കരുത്. മറ്റുള്ളവയെ പുച്ഛിക്കരുത്. അല്‍ഫോന്‍സിന് ഇനിയും ചിത്രങ്ങളെടുക്കേണ്ടതുണ്ട്. ഈ ഒരു മനോഭാവത്തോടെ സിനിമയെടുക്കുന്ന ആളിനെ മറ്റ് ജൂറി ആയാലും പൊതുജനങ്ങളായാലും എങ്ങനെയാകും ഏത് തലത്തിലാകും കാണുക. എന്റെ സൃഷ്ടി മാത്രമാണ് മഹത്തരം എന്നൊരിക്കലും കരുതരുത്. അവാര്‍ഡില്ലാത്തതിനാല്‍ നിരാശരാകുമ്പോള്‍ അതിന് നമുക്ക് അര്‍ഹതയുണ്ടോ എന്നുകൂടി ചിന്തിക്കണം. നമ്മുടെ വിവരമില്ലായ്മ മറ്റുള്ളവരെ അറിയിക്കുവാന്‍ മാത്രമേ ഈ വര്‍ത്തമാനങ്ങള്‍ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.