ലോകത്താകെ അലയടിക്കുന്ന സ്ത്രീ അവകാശ പ്രഖ്യാപനമായ മീടൂ ക്യാമ്പയിനെതിരെ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടി രേവതി രംഗത്ത്. എങ്ങനെയാണ് ഇത്തരക്കാരെ ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടതെന്നാണ് രേവതി ചോദിക്കുന്നത്. മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെയാണ് രേവതി രംഗത്തെത്തിയത്.
മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല,’ രേവതി ട്വിറ്ററില്‍ കുറിച്ചു.
മീ ടൂ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നുമായിരുന്നു മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. അത് കുറച്ചുകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള എ.എം.എം.എ.യുടെ ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.