ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല; ഞാന്‍ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെക്കുറിച്ചാണ്; മോഹന്‍ലാല്‍

പിറന്നാള്‍ ദിനത്തില്‍ ലണ്ടനില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു മോഹന്‍ലാല്‍. എങ്കിലും പിറന്നാള്‍ ദിനത്തില്‍ അച്ഛനെയും അമ്മയെയും താരം മറന്നില്ല. ജന്മദിനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ ഒരിക്കലും തന്നെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. പകരം മാതാപിതാക്കളെയാണ് ഓര്‍ക്കുകയെന്ന് മോഹന്‍ലാല്‍ ബ്ലോഗിള്‍ കുറിച്ചു.

അച്ഛന്‍ വിശ്വനാഥന്‍ നായരും അമ്മ ശാന്തകുമാരിയും. അവരിലൂടെയാണ് ഞാന്‍ ഈ ഭൂമിയുടെ യാഥാര്‍ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കണ്‍തുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ, സ്വാതന്ത്ര്യങ്ങളിലേക്കും പറത്തി വിട്ടത്. അവരാണ് ഞാന്‍ അലഞ്ഞലഞ്ഞ് തിരിച്ചു വരുമ്പോള്‍ കാത്തിരുന്നത്, എന്നെ ചേര്‍ത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാര്‍ഥകമാക്കിയത്. അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്. സ്‌നേഹത്തിന്റെ കടലായി എന്നും എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌കരിക്കാറുണ്ടെന്നും താരം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലോഗിന്റെ പൂര്‍ണ്ണരൂപം

വിശ്വശാന്തി എന്ന പ്രാര്‍ഥന

ലണ്ടന്‍ നഗരത്തില്‍ ഇരുന്നാണ് ഇത് എഴുതുന്നത്. എന്റെ മുറിക്ക് പുറത്ത് മഹാനഗരം അതിന്റെ പല പല വേഗങ്ങളില്‍ താളങ്ങളില്‍ എങ്ങോട്ടൊക്കെയോ പ്രവഹിക്കുന്നു. ദൂരെ എവിടെയോ തെംസ് നദി ഒഴുകുന്നു. ലണ്ടന്‍ ബ്രിഡ്ജിലൂടെ രാപ്പകലില്ലാതെ ജീവിതം ഇരമ്പുന്നു.

മെയ് 21 എന്റെ ജന്മദിനമാണ് എല്ലാ തവണത്തേയും പോലെ ഇത്തവണം അത് ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ. അതാണല്ലോ എന്റെ ജീവിതത്തിന്റെ അരങ്ങ്. ജന്മദിനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല. ഞാന്‍ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെക്കുറിച്ചാണ്.

അച്ഛന്‍ വിശ്വനാഥന്‍ നായരും അമ്മ ശാന്തകുമാരിയും. അവരിലൂടെയാണ് ഞാന്‍ ഈ ഭൂമിയുടെ യാഥാര്‍ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കണ്‍തുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ , സ്വാതന്ത്ര്യങ്ങളിലേക്കും പറത്തി വിട്ടത്. അവരാണ് ഞാന്‍ അലഞ്ഞലഞ്ഞ് തിരിച്ചു വരുമ്പോള്‍ കാത്തിരുന്നത്, എന്നെ ചേര്‍ത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാര്‍ഥകമാക്കിയത്. അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്. സ്‌നേഹത്തിന്റെ കടലായി എന്നും. എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌ക്കരിക്കാറുണ്ട്. ഈ ജന്മദിനത്തിലും തസ്‌മൈ ജനനൈന്യ നമഃ

എന്താണ് മക്കള്‍ക്ക് മാതാപിതാക്കള്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സത്കര്‍മ്മം? എപ്പോഴും ഞാനിത് സ്വയം ചോദിക്കാറുണ്ട്. അത് ഒരിക്കലും ധനസമ്പാദനമല്ല. പദവികളില്‍ നിന്ന് പദവികളിലേക്കുള്ള പരക്കം പാച്ചിലുകളല്ല. പ്രശസ്തിയുടെ പകിട്ടുകളല്ല മറിച്ച് അവരുടെ പേരിനെ, ഓര്‍മ്മയെ സമൂഹത്തിന് സേവനമാക്കുക എന്നതാണ്. അവര്‍ നമുക്ക് പകര്‍ന്ന തന്ന പ്രകാശത്തെ പതിന്മടങ്ങ് തിളക്കത്തില്‍ പങ്കുവയ്ക്കുക എന്നതാണ്. ഇതിന് സാധിക്കണമെങ്കില്‍ ചുറ്റുമുള്ള സമൂഹത്തിലേക്ക് നാം കണ്‍തുറന്ന് നോക്കണം.

ഇല്ലായ്മകളുടെ ഇരുട്ടുകള്‍ കാണണം. അവിടേത്ത് ചെല്ലണം. ഈയൊരു ഉദ്ദേശത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. അച്ഛന്റേയും അമ്മയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് വിശ്വശാന്തി എന്ന പേരുണ്ടാക്കിയത്. നന്നായി, നിശ്ശബ്ദമായി പ്രവര്‍ത്തിച്ചു വരുന്ന ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ ശക്തമാക്കണം എന്നതാണ് ജന്മദിനത്തിലെ എന്റെ പ്രാര്‍ഥന. അത് നിങ്ങളോട് ഞാന്‍ പങ്കുവയ്ക്കുന്നു.

പിജിബി മേനോന്‍, ഡോ ദാമോദരന്‍ വാസുദേവന്‍, ഡോ വി നാരായണന്‍, മേജര്‍ രവി, പി.ജി ജയകുമാര്‍, ടി.എസ് ജഗദീശന്‍, വിനു കൃഷ്ണന്‍, ഡോ അയ്യപ്പന്‍ നായര്‍, ശങ്കര്‍ റാം നാരായണന്‍, വിനോദ്, കൃഷ്ണകുമാര്‍, സജീവ് സോമന്‍, അഡ്വ സ്മിതാ നായര്‍ തുടങ്ങിയവര്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. എല്ലാ സഹായ സഹകരണവുമായി ഡോ. ജഗ്ഗു സ്വാമിയും ഒപ്പമുണ്ട്. ഈ ഫൗണ്ടേഷന്റെ എല്ലാ സേവന പ്രവര്‍ത്തനങ്ങളും സാര്‍ത്ഥകമാക്കാന്‍ ഇവര്‍ എന്നെ സഹായിക്കുന്നു.

വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതും പ്രവര്‍ത്തിക്കുന്നതും. സാര്‍വത്രികമാണ് വിദ്യാഭ്യാസം എന്ന പറയുമെങ്കിലും നല്ല അന്തരീക്ഷത്തിലിരുന്ന് മാറുന്ന കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം നേടാന്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട്? പ്രത്യേകിച്ച് നമ്മുടെ വനവാസികള്‍ക്കിടയില്‍? സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്രമാത്രം ആധുനീകരണം കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്? ഈ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ ഇക്കാലയളവില്‍ ഞങ്ങള്‍ക്ക് കുറെയൊക്കെ ചെയ്യുവാന്‍ സാധിച്ചു. വയനാട്ടിലേയും തിരുവനന്തപുരത്തേയും പിന്നോക്ക ജനവിഭാഗങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളുടെ പഠനനിലവാരം ഉയര്‍ത്താനായി ഹൈടെക് ക്ലാസ് റൂമുകള്‍ ഉണ്ടാക്കാനായി ധനഹായവും ഉപകരണങ്ങവും നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

ആരോഗ്യമേഖലയിലും എല്ലാ കാര്യങ്ങളും ഇന്ത്യയെപ്പോലുള്ള രാജ്യത്ത് സര്‍ക്കാരിനെ കൊണ്ട് മാത്രം ചെയ്യാന്‍ സാധിക്കില്ല. ആരോഗ്യമേഖല സാധാരണക്കാരന് അപ്രാപ്യമായ തരത്തില്‍ വില പിടിച്ചതായപ്പോള്‍ വലിയൊരു വിഭാഗം ഈ മേഖലയുടെ സാന്ത്വന പരിധിക്കപ്പുറത്തായി 1.5 കോടി രൂപയിലധികമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വിശ്വശാന്തി ചെയ്തുകഴിഞ്ഞു.

മഹാത്മഗാന്ധി പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനത്തെ മനുഷ്യനും പ്രാപ്യമാവുമ്പോള്‍ മാത്രമേ ഏത് വികസനവും സാര്‍ത്ഥകമാവൂ എന്ന്. എന്നാല്‍ വരിയില്‍ ഏറ്റവും അവസാനം നില്‍ക്കുന്നവനെ നാം കാണുകപോലും ചെയ്യാറില്ല. നിരാശനായി അയാള്‍ എപ്പോഴും മടങ്ങിപ്പോകുന്നു. ഒന്നും മിണ്ടാതെ. അതുകൊണ്ട് വിശ്വശാന്തി എപ്പോഴും നോക്കുന്നത് ഏറ്റവും പിറകില്‍ നില്‍ക്കുന്നവരെയാണ്. വേദനയോടെ നിസ്സഹായരായി മറഞ്ഞിരിക്കുന്നവരെയാണ്. ഇല്ലായ്മയില്‍ നീറുന്നവരെയാണ്. ഈ വിശ്വത്തില്‍ ഉള്ളവരെല്ലാം ശാന്തിയോടെയും സംതൃപ്തമായും ജീവിക്കണം എന്നതാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ആഗ്രഹവും സ്വപ്നവും.

വേദനകളുടേയും അപര്യാപ്തകളുടേയും ഒരു വലിയ സമുദ്രത്തിലേക്കാണ് ഇറങ്ങുന്നത് എന്ന ഞങ്ങള്‍ക്കറിയാമായിരുന്നു. ഇതുവരെ ചെയ്തത് കൊണ്ടു മാത്രം മതിയാവില്ലെന്നും അറിയാം. എങ്കിലും ഇരുട്ടിനെ പഴിക്കുന്നതിനേക്കാള്‍ ഒരു ചെറുതിരിയെങ്കിലും കൊളുത്തുന്നതാണ് നല്ലത് എന്ന ഞങ്ങള്‍ വിശ്വസിക്കുന്നു. അതാണ് ചെയ്യുന്നത്. ഞങ്ങള്‍ കൊളുത്തിയ സേവനത്തിന്റെ ഈ വെളിച്ചത്തെ കൂടുതല്‍ പ്രകാശപൂര്‍ണമാക്കാന്‍ നിങ്ങള്‍ക്കും ഒപ്പം ചേരാം. നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. മനുഷ്യസേവനത്തിന്റെ ഈ പാതയില്‍ നിങ്ങളും ഒപ്പമുണ്ടെങ്കില്‍ അതായിരിക്കും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്

www.viswasanthifoundation.com
വിശ്വശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ട് അച്ഛനും അമ്മയ്ക്കും പാദ നമസ്‌കാരം ചെയ്തുകൊണ്ട് പിറന്നാള്‍ ദിനത്തില്‍..

സ്‌നേഹപൂര്‍വം
മോഹന്‍ലാല്‍

Top