വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമമെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ മോഹന്‍ലാലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ് സംഘപരിവാര്‍.
പാര്‍ട്ടിയിലെയും ആര്‍.എസ്.എസിലേയും വിവിധ വഴികള്‍ ഉപയോഗിച്ച് അതിനുള്ള ശ്രമം നടക്കുകയാണ്. കെട്ടയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന പഴി കേള്‍ക്കാതിരിക്കാന്‍ പാര്‍ട്ടി മെമ്പറാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും വാര്‍ത്തവന്നു. മോഹൻലാലിൻ്റെ ഇമേജ് പൂർണ്ണമായും ഉപയോഗിക്കാനാണ് പാർട്ടി ശ്രമം.
മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത. മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്റെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രിയെ വയനാട്ടിലേക്ക് ക്ഷണിക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ എടുത്ത ചിത്രങ്ങളാണ് ഇവ. ഇതിന് തൊട്ടുപിറകെയാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വശാന്തി ഫൌണ്ടേഷന്‍ സംഘ്പരിവാര്‍ ബന്ധമുള്ള സേവാഭാരതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ബിജെപിക്ക് നിയമസഭാ അംഗത്തെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസ് ആലോചന. മോഹന്‍ലാലിനെ അവിടെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ ശശി തരൂര്‍ എംപിയാകും എതിര്‍സ്ഥാനത്ത്. കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരം സ്ഥാനാര്‍ത്ഥിക്കായുള്ള പ്രഥമപരിഗണ പട്ടികയില്‍. എന്നാല്‍, അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് ആര്‍എസ്എസ് മോഹന്‍ലാലില്‍ എത്തി നില്‍ക്കുന്നത്.
2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന്‍ലാല്‍ ബിജെപിയില്‍ അംഗത്വം എടുത്തേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.