ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ വരുണ്‍ ഗാന്ധി; പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസില്‍ ചേരാന്‍; നെഹ്‌റു കുടുംബം ഒന്നിക്കുന്നു

ന്യൂഡല്‍ഹി: തെറ്റായ നയങ്ങളും പാലിക്കാനാകാത്ത വാഗ്ദാനങ്ങളും കാരണം തെരഞ്ഞെടുപ്പിന് മുമ്പ് മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണ് ബിജെപി. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി കൂടിയായപ്പോള്‍ കൂടെനിന്ന പലരും ബിജെപിയെ തള്ളിപ്പറഞ്ഞുതുടങ്ങി. എന്‍ഡിഎ മുന്നണിയിലും വിള്ള വീഴുന്നതിന്റെ ലക്ഷണമാണ് കണ്ടുതുടങ്ങുന്നത്. പല പ്രമുഖരും പാര്‍ട്ടിവിടാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

ബിജെപിയുമായി അത്ര ചേര്‍ച്ചയിലല്ലായിരുന്ന വരുണ്‍ ഗാന്ധി പാര്‍ട്ടി വിടാനൊരുങ്ങുന്നു എന്നതാണ് അവസാനം കേള്‍ക്കുന്ന വാര്‍ത്ത. കുറേ നാളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലാണ് വരുണ്‍ഗാന്ധി. ബിജെപി സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും ഇപ്പോള്‍ വരുണ്‍ പങ്കെടുക്കാറില്ല. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെുടുപ്പിലും വരുണ്‍ ഗാന്ധി ബിജെപി നിരയില്‍ ഉമ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരുണ്‍ അകല്‍ച്ചയിലാണ്. അതുകൊണ്ട് തന്നെ ബിജെപിയില്‍ ഇനി നിന്നിട്ട് കാര്യമില്ല എന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിട്ട് വരുണ്‍ കോണ്‍ഗ്രസിലേക്ക് പോകുന്നെന്ന വാര്‍ത്ത വരുന്നത്. വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അതിന്റെ പ്രേരക പ്രിയങ്ക ഗാന്ധിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വരുണ്‍ ഗാന്ധിയുടെ അമ്മയായ മേനകാ ഗാന്ധി ബിജെപി മന്ത്രിയായതിനാല്‍ വരുണ്‍ കോണ്‍ഗ്രസിലേക്ക് വരില്ലെന്ന് കരുതുന്നവരുമുണ്ട്. കുടുംബവുമായി അകലം പാലിച്ചപ്പോഴും പ്രിയങ്കയും രാഹുലുമായി വരുണ്‍ ഗാന്ധിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ അടുപ്പമാണ് നെഹ്റു കുടുംബത്തിലെ യുവ തലമുറയെ ഒരുമിപ്പിക്കുന്നത്.

രാജീവ് ഗാന്ധിയുടെ അനുജനാണ് സഞ്ജയ് ഗാന്ധി. മേനകാ ഗാന്ധിയെ സഞ്ജ് ഗാന്ധി വിവാഹം ചെയ്തത് അമ്മയായ ഇന്ദിരാ ഗാന്ധി അംഗീകരിച്ചിരുന്നില്ല. പിന്നീട് വിവാദ വിമാന അപകടത്തില്‍ സഞ്ജയ് ഗാന്ധി മരിക്കുകയും ചെയ്തു. ഇതോടെ മനേകയും വരുണും നെഹ്റു കുടുംബത്തില്‍ നിന്ന് അകന്ന് ജീവിതവും തുടങ്ങി. കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലുമായി മേനക. മകന്റെ രാഷ്ട്രീയ പ്രവേശനവും ബിജെപിയിലായി. ബിജെപിയുടെ യുപിയിലെ ഭാവി മുഖമായി വരുണ്‍ മാറുമെന്നും വിലയിരുത്തലെത്തി. എന്നാല്‍ മോദി എത്തിയതോടെ കാര്യങ്ങള്‍ മാറി. മോദിയുടെ ശത്രുപക്ഷത്തായി ബിജെപിയില്‍ വരുണ്‍ ഗാന്ധി. ഈ അകലച്ച കൂടി വരികയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്. ലോക്സഭയില്‍ സുല്‍ത്താന്‍പൂരിനെയാണ് വരുണ്‍ പ്രതിനിധാനം ചെയ്യുന്നത്.

രാജ്യത്ത് എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെയടക്കം ചോദ്യം ചെയ്തതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ‘വിളി’ വന്നെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചിരുന്നു. നിങ്ങളെന്തിനാണ് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കൂട്ടുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഫോണ്‍ വിളി വന്നതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ‘സ്വത്തുവകകളുടെ വിവരങ്ങള്‍ പോലും നല്‍കാതെ എംപിമാരുടെ ശമ്പള വര്‍ദ്ധനവിനെതിരെ ഞാന്‍ ആവര്‍ത്തിച്ച് ചോദ്യമുന്നയിച്ചിരുന്നു. എല്ലാ മേഖലകളിലും ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്നത് അവരുടെ കഠിനാദ്ധ്വാനവും സത്യസന്ധതയും അനുസരിച്ചാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വെറുതെ കൈ ഉയര്‍ത്തി ഏഴു തവണയാണ് എംപിമാര്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചത്.’ ഭീവാനിയിലെ മോഡല്‍ വുമണ്‍സ് കോളേജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വരുണിന്റെ വാക്കുകള്‍. രാജ്യത്തെ വിദ്യഭ്യാസ സംവിധാനങ്ങളെ ചോദ്യം ചെയ്ത വരുണ്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത് യു.പിയിലെ സ്‌കൂളുകളെ കുറിച്ചായിരുന്നു. ഇതെല്ലാം ബിജെപിയെ അലോസരപ്പെടുത്തിയിരുന്നു.

അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷനായ ശേഷം വരുണ്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരുന്നു. 2015ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വരുണ്‍ ഗാന്ധിയെ നീക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം തുടങ്ങിയ കടുത്ത അതൃപ്തിയാണ് വരുണിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു വരുണ്‍ ഗാന്ധി. അമിത് ഷായുടെ കോര്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വരുണ്‍ ഗാന്ധി, നേതൃത്വവുമായി അകന്നിരുന്നു.

Top