ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കില്ല എന്നൊക്കെ വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിട്ടും ബിജെപി പിടി വിടുന്നില്ല. ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിര്‍ത്താന്‍ ബിജെപിക്ക് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ വേണം. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ഉറപ്പാണ്. ഇതാണ് മോഹന്‍ലാലിന് പിന്നാലെ പോകാന്‍ ബിജെപിക്ക് മുന്നിലുള്ള കാരണം.
മാതാപിതാക്കളുടെ പേരിലുള്ള ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതു മുതലാണ് ബി.ജെ.പിയ്ക്കു വേണ്ടി ലാല്‍ മത്സരരംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയത്. എന്നാല്‍ പലതവണയായി മോഹന്‍ലാല്‍ തന്നെ ഇത് നിഷേധിക്കുകയുണ്ടായി. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ താരം പാര്‍ട്ടിയെ അറിയിച്ചെന്നാണ് വിവരം.
രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും അവസാന ശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രി മുഖേന സമ്മര്‍ദ്ദം ചെലുത്തി ലാലിനെ ഗോദയിലിറക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ രാജ്യസഭാംഗമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.