തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്ത വിവാദത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുത്തതിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യമില്ലെന്നും ഈ സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടനിലുളള അദ്ദേഹം വാര്‍ത്താകുറിപ്പിലാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. വിവാദമായ സംഭവത്തില്‍ അമ്മയുടെ തീരുമാനത്തിനെതിരെ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് വൈകിയെങ്കിലും മോഹന്‍ലാല്‍ പ്രതികരിച്ചത്.
അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞാണ് ഇക്കാലമത്രയും സംഘടന നിലനിന്നതെന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അര്‍ഹിച്ചതിലേറെ കേള്‍ക്കേണ്ടി വന്നതിനാലാണ് വേദനയോടെ ഈ കുറിപ്പ് എഴുതുന്നത്. 2018 ജൂണ്‍ 26ന് ചേര്‍ന്ന അമ്മ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നുവന്ന പൊതുവികാരമാണ് ദിലീപിനെ തിരിച്ചെടുക്കുക എന്നത്. പൊതു യോഗത്തിന്റെ ഏകകണ്ടമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറം എന്തെങ്കിലും നിക്ഷിപ്ത താത്പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ നേതൃത്വത്തിനില്ല. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ കിരാതമായ ആക്രമണത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണ് ഞങ്ങള്‍.
കേവലം 485 അംഗങ്ങള്‍ മാത്രമുളള ഒരു സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെ പേരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്. സ്വന്തമായി വീടില്ലാത്തവര്‍, നിത്യച്ചെലവുകള്‍ക്ക് വഴിയില്ലാത്തവര്‍, രോഗചികിത്സയ്ക്ക് പണമില്ലാത്തവര്‍. അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട്. അതിലേറേയും സ്ത്രീകള്‍. അങ്ങനെയുളള 137 മക്കള്‍ക്കാണ് ഈ സംഘടന മുടങ്ങാതെ മാസംതോറും കൈനീട്ടമെത്തിക്കുന്നത്. മറ്റു സഹായധനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ വേറേയും. അന്നത്തെ യോഗത്തില്‍ തന്നെയെടുത്ത മറ്റൊരു തീരുമാനം അകാലത്തില്‍ അന്തരിച്ച കൊല്ലം അജിത് എന്ന നടന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കൈയടി നേടാന്‍ അമ്മ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണ്. സത്യമെന്തെന്ന് അറിയും മുമ്പേ നമ്മള്‍ ബഹുമാനിക്കുന്ന പലരും എതിര്‍പ്പുമായി രംഗത്ത് വന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും സമൂഹമധ്യത്തില്‍ ഉയര്‍ന്നു വന്ന എല്ലാ വിമര്‍ശനങ്ങളേയും പൂര്‍ണ്ണമനസ്സോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആ വാര്‍ഷിക ജനറല്‍ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ശബ്ദം ഉയര്‍ത്തി സംഘടനയില്‍ നിന്ന് പുറത്തു പോകുന്നു എന്ന് പ്രഖ്യാപിച്ചു. ആ തീരുമാനത്തിന് പുറകിലുളള വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്ത് നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തുനിന്ന് അഴുക്കുവാരി എറിയുന്നവര്‍ അതുചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തത്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്, അതുമാത്രം ഓര്‍ക്കുക’ മോഹന്‍ലാല്‍ പ്രസ്താവനയില്‍ പറഞ്ഞു.