പാലക്കാട്: കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് പാലക്കാട്ട് യുവാവ് ആത്മഹത്യ ചെയ്തു. തേങ്കുറിശ്ശി സ്വദേശിയായ യുവാവാണ് കടം വാങ്ങിയ തൊണ്ണൂറായിരം രൂപയുടെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നത്.
ഭാര്യയോട് മാപ്പ് ചോദിച്ച് കത്തെഴുതി വച്ചാണ് രണ്ട് ദിവസം മുമ്പ് സതീശ് ആത്മഹത്യ ചെയ്തത്. വീടിനുസമീപത്തെ പറമ്പില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തേങ്കുറിശ്ശിയിലെ പലിശക്ക് പണം കടം കൊടുക്കുന്ന കൃഷ്ണന്‍ എന്നയാളും മകനും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും മുതലും പലിശയും അടക്കം പണം നല്‍കിയിട്ടും ഇവര്‍ ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണെന്നും കത്തില്‍ സതീശ് വ്യക്തമാക്കുന്നു. കടം വാങ്ങിയ തൊണ്ണൂറായിരം രൂപ തിരികെ നല്‍കാന്‍ കുഞ്ഞിന്റെ ആഭരണമടക്കം പണയം വച്ച് 71000 രൂപ സതീശന്‍ ഉണ്ടാക്കിയിരുന്നു.
ഓപ്പറേഷന്‍ കുബേരയുടെ സമയത്ത് അറസ്റ്റിലായ ആളാണ് സതീശന്‍ പണം കടം വാങ്ങിയ കൃഷ്ണനെന്ന് നാട്ടുകാരില്‍ പലരും ആരോപിക്കുന്നു.ഒരു വയസുള്ള കുഞ്ഞും ഭാര്യയും അമ്മയും അടങ്ങുന്ന കുടുബംത്തിന്റെ ഏക ആശ്രയമായിരുന്നു സതീശ്. കുഴല്‍മന്ദം പൊലീസ് ആത്മഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.