മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ‘അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എല്ലാവരും ഒറ്റപ്പെടുത്തിയതിനാൽ എന്നും യുവതിയുടെ മൊഴി

കോട്ടയം:മുണ്ടക്കയം കൂട്ടിക്കലിലാണ് 12 വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. 12 വയസ്സുള്ള മകൾ ഷംനയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ അകത്തെ മുറിയിൽ നിന്നും കണ്ടെത്തി. കുട്ടിയെ എം.എം.ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ​കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. രാത്രി രണ്ടുമണിയോടെ മകൾക്ക് ഉറക്കഗുളിക നൽകിയ ശേഷം ഷാൾ കൊണ്ട് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു.

മകൾക്ക് നല്‍കിയതിനൊപ്പം ഉറക്കഗുളിക കഴിച്ച ലൈജിന, പിന്നാലെ സമീപത്ത് ഉണ്ടായിരുന്ന കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ആദ്യം എത്തിയ ഫയർഫോഴ്സ് കിണറ്റിൽ വീണു കിടന്ന ലൈജീനയെ രക്ഷപ്പെടുത്തി. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജീനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പൾസ് നിരക്ക് കുറഞ്ഞുവരുന്നതായാണ് ഡോക്ടർമാർ അറിയിച്ചത്.

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജിനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തിയെന്നാണ് ലൈജീന പൊലീസിനോട് പറഞ്ഞത്. ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതായിരുന്നു എന്നും പറഞ്ഞു. അതേസമയം മാനസിക പ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി മരുന്നു കഴിച്ചു വരികയായിരുന്നു ലൈജീന എന്നാണ് സൂചന. ലോക്ക് ഡൌൺ സമയത്ത് ഡോക്ടറെ കാണാൻ പോയിരുന്നില്ല എന്നാണ് വിവരം. ഇതിനെത്തുടർന്ന് മരുന്ന് കഴിക്കുന്നതും നിർത്തിയിരുന്നു. ഇതാകാം പെട്ടെന്നുണ്ടായ മാനസിക വിഭ്രാന്തിക്ക് കാരണമെന്നാണ് പൊലീസ് കരുതുന്നത്.

ഭർത്താവ് ഷമീർ അഞ്ചുമാസം മുൻപ് നാട്ടിലെത്തി മടങ്ങിയിരുന്നു. ഇപ്പോൾ വിദേശത്താണ് ഇയാൾ ജോലി ചെയ്യുന്നത്. ഭർത്താവിന്റെ വീട്ടുകാരുമായും അകന്ന് ഒറ്റക്ക് ഒരു വീട്ടിലായിരുന്നു ലൈജിനയും മകളും താമസിച്ചിരുന്നത്. അയൽവാസികളുമായും കാര്യമായ സഹകരണം ഉണ്ടായിരുന്നില്ല എന്നാണ് സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മനസ്സിലാക്കിയത്.

മകളെ കൊന്ന സംഭവത്തിൽ ലൈജീനക്ക് എതിരെ പൊലീസ് കേസെടുക്കും. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുണ്ടക്കയം സിഐ ന്യൂസ് 18 നോട് പറഞ്ഞു. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും. അതേസമയം ഭർത്താവ് നാട്ടിൽ ഇല്ലാത്തതിനാൽ ഇക്കാര്യങ്ങൾ ക്കുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.

ബന്ധുക്കളുടെ അടക്കം വിശദമായ മൊഴി രേഖപ്പെടുത്താൻ ആണ് തീരുമാനം. ലൈജീനയുടെ വീട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഏതായാലും പുലർച്ചെ നടന്ന സംഭവത്തിൽ ഞെട്ടലിലാണ് നാട്ടുകാർ. നാട്ടിലാകെ സ്ത്രീധന പീഡന വാർത്തകൾ പരക്കുന്നതിനിടെയാണ് ദാരുണമായ സംഭവം മുണ്ടക്കയത്ത് ഉണ്ടാക്കുന്നത്.

കൊല്ലപ്പെട്ട ഷംനയുടെ മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് സംഭവ സ്ഥലം സന്ദർശിച്ച ശേഷം കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ അറിയിച്ചത്. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ലൈജീനക്ക് ഒപ്പം വാർഡ് മെമ്പറും പോയതായും അദ്ദേഹം അറിയിച്ചു

Top