അനീഷിന്റെ ജീവനെടുത്തത് സദാചാര ഗുണ്ടായിസത്തിന് ശേഷവും തുടര്‍ന്ന പീഡനങ്ങള്‍; സുഹൃത്തിനൊപ്പം കടല്‍ത്തീരത്ത് പോയ യുവാവിന്റെ അവസാനം ഇങ്ങനെ

പാലക്കാട്: കേരളത്തിലെ സദാചാര ഗുണ്ടായിസം ഒരു ജീവന്‍ കൂടി എടുത്തിരിക്കുകയാണ്. അട്ടപ്പാടി കാരറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകന്‍ അനീഷ് (22) ആണ് ഒടുവിലത്തെ ഇര. കൊല്ലത്ത് അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അനീഷിന് സമൂഹത്തില്‍ നിന്നും പീന്നീടും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ നിമിത്തമാണ് ജീവന്‍ ഉപേക്ഷിക്കേണ്ടി വന്നത്. അപമാനിക്കല്‍ തുടരുന്നതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണു വീടിനടുത്തുള്ള മരത്തില്‍ മൃതദേഹം കണ്ടത്. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു അനീഷ്. സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ വീഡിയോകള്‍ വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിന് ജോലി നഷ്ടമായിരുന്നു. ജോലി സ്ഥലത്തേക്ക് ഇരകളെ കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങി. അറിയാതെ ആണെങ്കിലും താന്‍ മൂലം ഒരു പെണ്‍കുട്ടിക്ക് നാണക്കേടായല്ലോ എന്ന വിഷമവും യുവാവിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടെ അനീഷിന്‍രെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന ആവശ്യവുമായി അനീഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടില്‍ എത്തിയപ്പോഴും എങ്ങും പരിഹാസ ചിരികളായിരുന്നു യുവാവിന് നേര്‍ക്ക് നീണ്ടത്. വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവാവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ കടുത്ത മനോവിഷമം ഏല്‍ക്കേണ്ടി വന്നതോടയാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇന്നലെ വൈകിട്ട് അമ്മ ജോലി കഴിഞ്ഞെത്തിയപ്പോള്‍ അനീഷിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു.
ഇക്കഴിഞ്ഞ 14നാണു കൊല്ലം അഴീക്കല്‍ ബീച്ചില്‍ അനീഷിനും സുഹൃത്തായ ശൂരനാട് സ്വദേശിനിക്കും സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം ആക്രമിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്നു മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുര്‍വ്വേദ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു അനീഷ്. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പമാണ് കരുനാഗപ്പള്ളി ബീച്ചില്‍ ഒരു പറ്റം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. വാലന്റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടിക്കൊപ്പം ബീച്ചു കാണാന്‍ പോയപ്പോഴായിരുന്നു സംഭവം. ഇവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവര്‍ സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയുംചെയ്തു.
വാലന്റയന്‍സ് ദിനത്തിലെ അഴീക്കലെ സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ വാര്‍ത്ത പുറത്തുവന്നത് ഞെട്ടിച്ചിരുന്നു. യുവതിയെയും യുവാവിനെയും സദാചാര ഗുണ്ടകള്‍ മര്‍ദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരേ ശക്തമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്കി. മൂന്നു പേര്‍ അറസ്റ്റിലാവുകയും ചെയ്തു. പക്ഷേ സംഭവം ഉണ്ടാക്കിയ മനോവേദനയില്‍നിന്ന് അനീഷ് മുക്തനായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നല്കുന്ന വിവരം.
വാലന്റൈന്‍സ് ദിനത്തില്‍ ബീച്ച് കാണാന്‍ എത്തിയതിന് ശേഷം പെണ്‍കുട്ടിക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാല്‍ അനീഷ് ബീച്ചിന് പിന്‍ഭാഗത്ത് കായലിനോട് ചേര്‍ന്ന കുറ്റിക്കാട്ടിലേക്ക് പെണ്‍കുട്ടിയുമായി പോയി. അനീഷ് മാറി നില്‍ക്കുകയും പെണ്‍കുട്ടി പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ കുറ്റിക്കാട്ടിലേക്ക് കയറുകയും ചെയ്തു.

ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേര്‍ പെണ്‍കുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെണ്‍കുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോള്‍ രണ്ട് പേര്‍ ആക്രമിക്കുന്നതാണ് കണ്ടത്. അനീഷ് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സദാചാരക്കാര്‍ ഫോണ്‍ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏല്‍പ്പിച്ചതും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവര്‍ ഞങ്ങള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറഞ്ഞു.

എല്ലാവരും പെണ്‍കുട്ടിയോട് ലൈംഗിക ബന്ധത്തിന് വരെ നിര്‍ബന്ധിപ്പിച്ചു എന്നും ഇയാള്‍ പറഞ്ഞു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും സിം കാര്‍ഡുകള്‍ ഊരി വാങ്ങുകയും ചെയ്തതായി അനീഷ് പറഞ്ഞിരുന്നു. യുവാവിനെയും യുവതിയെയും സദാചാര ഗുണ്ടകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. സുഹൃത്തായ യുവതിക്കൊപ്പം തന്നെയും ചേര്‍ത്തുള്ള വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ അനീഷ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അനീഷ് ജീവന്‍ വെടിഞ്ഞത്.

Top