കൊച്ചി:മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച മനോവിഷമത്തിലാണ് യുവാവ് മരിച്ചത് എന്നാണ് ആരോപണം . മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് കഴിഞ്ഞ 24നാണ് ഒരു കൂട്ടം ആളുകൾ യുവാവിനെ ആക്രമിച്ചത്. സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ദൃശ്യങ്ങൾ വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചതെന്നാണ് പറയപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാജിദ് താമസിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം യുവാവിനെ മര്‍ദ്ദിച്ചത്. കയറു കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. യുവാവ് ലഹരിക്കടിമയാണെന്നും ഇവർ പ്രചരണം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് തൂങ്ങിമരിച്ചതെന്നാണ് കരുതുന്നത്. മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. അതേസമയം പൊലീസ് യുവാവിനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.