കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും ഫേസ്ബുക്കിലൂടെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ ഇരകളെന്ന് റിപ്പോര്‍ട്ട്. പക്ഷേ മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായി പലരും മുമ്പോട്ടു വരാതിതിരിക്കുന്നത് പോലീസിനെ കുഴയ്ക്കുന്നു.
സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം ജിത്തുഭവനില്‍ ജിന്‍സു എന്ന 24 കാരനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ഇരകളില്‍ മുപ്പതിലേറെപേര്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഫേസ്ബുക്കിലൂടെ ഇരകളെ ആദ്യം പരിചയപ്പെടുന്നതാണ് രീതി. പിന്നീട് അവരെ പ്രണയത്തില്‍ വീഴ്ത്തി ചിത്രങ്ങളെടുക്കും. പിന്നീട് അതുവെച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഈ രംഗവും ഫോണില്‍ പകര്‍ത്തി അതുവെച്ച് തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്യും. സംഭവത്തില്‍ മൊഴി നല്‍കാന്‍ ആരും മുമ്പോട്ടു വരാത്തതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ പ്രതിയുടെ ഫോണില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഏതാനും ചിത്രങ്ങള്‍ പ്രതിയുടെ ഫോണില്‍നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം മൂന്നു പരാതിയിലേറെ ലഭിച്ചാല്‍ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് ശക്തിപ്പെടുത്താമെന്നിരിക്കെ ആരും പരാതിയുമായി മുമ്പോട്ട് വരാത്തത് പോലീസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. പീഡനത്തിന് ഇരയായവരില്‍ ഏറെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഉയര്‍ന്ന കുടുംബത്തില്‍പെട്ടവരാണ്. സംഭവത്തില്‍ രണ്ടുപേര്‍ മാത്രമാണ് പരാതി നല്‍കാന്‍ തയ്യാറായത്.
പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളത്. തുടര്‍ന്ന് മറ്റൊരു കുട്ടിയും പരാതി നല്‍കാന്‍ തയ്യാറായി. പ്രായപൂര്‍ത്തിയായ ഇരകളുടെ പരാതിപ്രകാരം മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നതിനാല്‍ ഇവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. പരാതി പറഞ്ഞ പലരും പോലീസിന് മൊഴി നല്‍കാന്‍ തയ്യറാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.