മന്ത്രവാദ ചികിത്സയ്ക്കിടെ പീഡനം: യുവാവ് അറസ്റ്റിൽ; പേടിമാറ്റാൻ പെൺകുട്ടിയെ എത്തിച്ചത് അമ്മയും ഇളയമ്മയും

പട്ടാമ്പി∙ മന്ത്രവാദ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 33 കാരൻ അറസ്റ്റിൽ. മഞ്ഞളുങ്ങൽ സ്വദേശി പന്തപ്പുലാക്കൽ അബു താഹിറിനെ(33) ആണു സിഐ പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ നടന്ന പ്രത്യേക ചികിത്സയിൽ പങ്കെടുക്കാനെത്തിയ 23 കാരിയെ ഇയാൾ പീഡിപ്പിച്ചെന്നാണു പരാതി. മഞ്ഞളുങ്ങലിലെ വീട്ടിലാണ് ഇയാൾ മന്ത്രവാദ തട്ടിപ്പു ചികിത്സ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയും ഇളയമ്മയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെട്ട സംഘമാണ് എത്തിയിരുന്നത്. പെണ്‍കുട്ടിയുടെ പേടി മാറ്റാനുള്ള ചികിത്സയാണെന്നു തെറ്റിദ്ധരിപ്പിച്ചു പീഡിപ്പിച്ചതായാണു പരാതി. പീഡനത്തിന് ഇരയായ കുട്ടി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

പകലും രാത്രിയിലും ഒരുപോലെ ചികിത്സ നടത്തിയിരുന്നു. നിരവധി പേർ ഇവിടെ വന്നു പോയിരുന്നതായി പരിസരവാസികൾ പൊലീസിനോടു പറഞ്ഞു. മന്ത്രവാദ ചികിത്സയിലൂടെ അസുഖം മാറ്റാമെന്നു പരസ്യം ചെയ്താണ് ആളുകളെ എത്തിച്ചിരുന്നത്. ചികിത്സയ്ക്കായി സ്ത്രീകളെ ഇത്തരം വ്യാജ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നവരെപ്പറ്റിയും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

ചികിത്സാ കേന്ദ്രം പൊലീസ് അടച്ചുപൂട്ടി. സിഐയ്ക്കു പുറമെ എസ്ഐമാരായ ലൈസാദ് മുഹമ്മദ്, എം.വി. വിജയൻ, സത്യൻ, എഎസ്ഐമാരായ മണികണ്ഠൻ, ഫസലുദ്ദീൻ, സിപിഒമാരായ ഉണ്ണിക്കൃഷ്ണൻ, ഷാജഹാൻ, ജോൺസൺ, ഷമീർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Top