
കോഴിക്കോട്: മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ കൈക്കൂലി നല്‍കണം. സംഭവം പതിവായപ്പോള്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി കക്കോടി സ്വദേശി രംഗത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഇത്തരം അനാസ്ഥ നടക്കുന്നത്.
കക്കോടി സ്വദേശിയാണ് മോര്‍ച്ചറി ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് മോര്‍ച്ചറിയില്‍ മൃതദേഹം സമയത്തിന് വിട്ടുകിട്ടണമെങ്കില്‍ കൈക്കൂലി ചോദിക്കല്‍ പതിവായിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞെത്തുന്ന ഉറ്റവരുടെ മൃതദേഹത്തിനായി ഹൃദയംപൊട്ടി കാത്തിരിക്കുന്നവരോടാണ് ജീവനക്കാരുടെ ഈ അതിക്രമം.
ഇതിനെതിരെ പരാതിപറയാനേറെ ആളുണ്ടെങ്കിലും മനംതകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇവര് ചോദിക്കുന്ന പണം നല്‍കി മടങ്ങുകയാണ് പലരും. എന്നാല്‍ കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്ന് വീണുമരിച്ച തന്റെ സഹോദരന്റെ മൃതദേഹത്തിനായി കാത്തുനിന്ന കക്കോടി സ്വദേശിയ്ക്കും ഈ ദുരനുഭവമുണ്ടായി.
മൃതദേഹത്തിന് പോലും കൈക്കൂലി ചോദിക്കുന്നവര്‍ കേരളത്തിന് തന്നെ അപമാനകരമാണെന്നാണ് ഹരീഷ് പറയുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.