കൊച്ചി:തുടർഭരണം ആദ്യമനായി കേരളത്തിൽ ഇടതുമുന്നണി നേടും എന്നാണു സൂചനകൾ.അതിനുള്ള നീക്കം ഇടതുമുന്നണിയും തുടങ്ങി കഴിഞ്ഞു .മികച്ച സ്ഥാനാർത്ഥികളെ ഇറക്കി മികച്ച വിജയം നേടുക എന്ന നീക്കമാണ് സിപിഎം നടത്തുന്നത് .സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിവാദങ്ങള്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാധിക്കാഞ്ഞത് ഇടത് മുന്നണിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലേതിന് സമാനമായി നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും.
പിണറായി വിജയന്‍ സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയെന്ന് പേരെടുത്ത ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കുറി മണ്ഡലം മാറി മത്സരിക്കാനാണ് സാധ്യത. സ്വന്തം മണ്ഡലമായ കൂത്തുപറമ്പില്‍ നിന്ന് ശൈലജ മട്ടന്നൂരിലേക്ക് മാറാനാണ് സാധ്യത. ഇപി ജയരാജന്റെ മണ്ഡലമാണ് മട്ടന്നൂര്‍. ശൈലജ മട്ടന്നൂരിലേക്ക് വരികയാണ് എങ്കില്‍ ടിവി രാജേഷിന്റെ കല്യാശേരിയിലേക്ക് ഇപി മാറിയേക്കും.
അതുകൊണ്ട് തന്നെ രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചവര്‍ക്ക് സിപിഎം ഇക്കുറി ടിക്കറ്റ് നല്‍കിയേക്കില്ല എന്നാണ് സൂചന. എന്നാല്‍ സിപിഎം മന്ത്രിമാര്‍ക്ക് ഇത് ബാധകമാക്കിയേക്കില്ല. നിലവില്‍ മന്ത്രിസഭയില്‍ ഉളള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലിങ്ങോട്ട് സിപിഎമ്മിന്റെ ഭൂരിപക്ഷം മന്ത്രിമാരും മത്സരിച്ചേക്കും. മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ഈ നീക്കം.
സിപിഎം മന്ത്രിമാരായ ആരോഗ്യമന്ത്രി കെകെ ശൈലജ, ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, വൈദ്യുതി മന്ത്രി എംഎം മണി അടക്കമുളളവര്‍ പ്രവര്‍ത്തന മികവിന്റെ പേരില്‍ കയ്യടി നേടിയിട്ടുളളവരാണ്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സിപിഎം ഇവരെ മാറ്റി നിര്‍ത്തിയേക്കില്ല.
മന്ത്രിസഭയില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡ് ഇല്ലാത്ത ഒരു മന്ത്രി ഒഴികെ സിപിഎമ്മിന്റെ മറ്റെല്ലാവരും ഇക്കുറിയും ജനവിധി തേടിയേക്കും. മികച്ച മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ പരീക്ഷിക്കുന്നത് വിജയസാധ്യതയെ ബാധിച്ചേക്കാം എന്നുളളതാണ് സിപിഎം നീക്കത്തിന് പിന്നില്‍. അതേസമയം ആരോഗ്യപ്രശ്‌നങ്ങളുളള ചില മന്ത്രിമാരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
മന്ത്രിമാരായ എംഎം മണി, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തിലാണ് അനിശ്ചിതത്വമുളളത്. എന്നാല്‍ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ ഇരുവരും മത്സര രംഗത്തേക്ക് ഇറങ്ങുക തന്നെ വേണം എന്നാണ് പാര്‍ട്ടിക്കുളളിലെ അഭിപ്രായം. അതുപോലെ വ്യവസായ മന്ത്രി ഇപി ജയരാജന്റെ പേര് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇപി ജയരാജന്‍ വീണ്ടും മത്സരിക്കുന്ന കാര്യം പാര്‍ട്ടി ഗൗരവത്തോടെ ആലോചിച്ചേക്കും. സാംസ്‌ക്കാരിക മന്ത്രി എകെ ബാലനേയും സംഘടനാ ചുമതലകളിലേക്ക് മാറ്റുന്ന കാര്യവും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. മികച്ച പ്രകടനം നടത്തിയ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക് മത്സരിച്ചേക്കില്ല എന്ന തരത്തിലുളള സൂചനകള്‍ നേരത്തെ പങ്കുവെച്ചിരുന്നു.
ജി സുധാകരന്‍ 7 തവണയാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുളളത്. അതില്‍ രണ്ട് തവണ മന്ത്രിസഭയില്‍ ഇടംപിടിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി എന്ന നിലയ്ക്ക് മികവുറ്റ പ്രകടനമാണ് ജി സുധാകരന്റേത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം തന്നെ വേണം അമ്പലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ എന്നാണ് പാര്‍ട്ടി കരുതുന്നത്.
നാല് തവണ എംഎല്‍എ ആയിട്ടുളള ധനമന്ത്രി തോമസ് ഐസകും മത്സരിച്ചേക്കില്ലെന്ന സൂചന നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഐസകിനെ സിപിഎം ആലപ്പുഴയില്‍ ഇക്കുറിയും ഇറക്കാനാണ് സാധ്യത. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുകയാണ് എങ്കില്‍ ഐസകിന്റെ അഭാവം വലുതായി തന്നെ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ട എന്നുളളത് ഈ മന്ത്രിമാര്‍ക്ക് ബാധകമായേക്കില്ല.