ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവാകും; സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥെന്ന് പിണറായി

geetha-gopinath

തിരുവനന്തപുരം: കേരളത്തില്‍ വേരുകളുള്ള ലോകത്തെ മുന്‍നിര സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ സ്ഥാനമാനങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക ഉപദേഷ്ടാവാകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് ഗീത ഗോപിനാഥിനാണെന്ന് പിണറായി പറഞ്ഞു.

ഗീത ഗോപിനാഥിന്റെ അറിവും, പരിചയവും കേരളത്തിന് ഗുണം ചെയ്യും. സാമ്പത്തിക വിദഗ്ധര്‍ക്കു പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം കാണുമെന്നും പിണറായി പറഞ്ഞു.

എന്നാല്‍ തങ്ങളുടെ നയത്തില്‍ വ്യക്തത ഉള്ളതിനാല്‍, പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിക്കും എന്ന ആശങ്ക വേണ്ട എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഗീത ഗോപിനാഥിന്റെ പിതാവ് ടി വി ഗോപിനാഥ് കണ്ണൂര്‍ സ്വദേശിയാണെന്നും, നിലവില്‍ മൈസൂരില്‍ ജൈവ കൃഷിയിലും മാലിന്യ സംസ്‌കരണത്തിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംരംഭകനാണെന്നും പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം, ഗീത ഗോപിനാഥിന്റെ നിയമനത്തെ കുറിച്ചു ആവശ്യമെങ്കില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം വിശദീകരിക്കും എന്ന് സിപിഐഎം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. എന്നാല്‍ നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ പ്രശംസിക്കുന്ന ഗീത ഗോപിനാഥിന്റെ നിയമനത്തെ സംബന്ധിച്ച വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമനം ഏത് സാഹചര്യത്തിലാണ് ഉണ്ടായത് എന്ന് അന്വേഷിക്കും എന്നും സിപിഐഎം പൊളിറ്റ് ബ്യൃൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കിയതായും ഇന്ത്യന്‍ എക്സപ്രസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top