പറ്റ്‌ന: മകളുടെ ഭര്‍ത്താവിനെ കല്യാണം കഴിച്ച അമ്മായിമ്മയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മായിയമ്മയും മരുമകനും വിവാഹമോചിതരാകുന്നു. 17 ദിവസത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്.
ബീഹാറിലെ മധേപുര ജില്ലയിലാണ് ഈ അപൂര്‍വ്വ മാംഗല്യം നടന്നത്. അമ്മായിഅമ്മയും മരുമകനും ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയായിരുന്നു ഒരുമിച്ച് ജീവിതം ആരംഭിച്ചത്. സൂരജിന് അസുഖബാധിതനായപ്പോള്‍ ശുശ്രൂഷിക്കുന്നതിനായി മകള്‍ ലളിതയെ സഹായിക്കാനെത്തിയതാണ് ആശാദേവി.
ശ്രുശൂഷയ്ക്കൊടുവില്‍ സൂരജും ആശാദേവിയും പ്രണയത്തിലായി. എന്നാല്‍ ഇയാളുടെ ഭാര്യ ലളിത ഇരുവരും പ്രണയത്തിലാണെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. ഒന്നിച്ച് ജീവിക്കാനായി ഇരുവരും നാട് വിട്ടു. പിന്നീട് ഗ്രാമത്തില്‍ തിരിച്ചെത്തി. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതരോട് തുറന്ന് പറഞ്ഞു. ഇതോടെ ഗ്രാമപഞ്ചായത്ത് ഒന്നിച്ച് ജീവിക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍ 17 ദിവസത്തെ വിവാഹജീവിതം ഇവര്‍ക്ക് മടുക്കുകയായിരുന്നു. തനിക്ക് തെറ്റ് മനസ്സിലായതായാണ് ഇപ്പോള്‍ സൂരജ് പറയുന്നത്. ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യഭാര്യയുടെ കൂടെ ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് സൂരജ് ഇപ്പോള്‍ പറയുന്നത്. തനിക്ക് മരുമകന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ലെന്നും, ആദ്യ ഭര്‍ത്താവിന്റെ കൂടെ ജീവിക്കണമെന്നുമാണ് ആശാദേവിയുടെയും ഇപ്പോഴത്തെ ആവശ്യം. ഇരുവരും കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിരിക്കുകയാണ്.