പാവക്കുട്ടിയ്ക്ക് മുടി ചീകി ഒരുക്കി താലോലിക്കുന്ന അമ്മ..ഇത്രയേറെ നോവുന്ന കാഴ്ച വേറെയില്ല..സ്വന്തം മകളാണെന്ന് കരുതി ആ അമ്മ പാവയെ താലോലിക്കുകയാണ്. സമരഭൂമിയായ ജന്തര്‍മന്ദറില്‍ നിന്ന് ക്യാമറാമാന്‍ സി ആര്‍ രജിത്ത് പകര്‍ത്തിയ ഈ ചിത്രം ഇന്ന് മനുഷ്യ മനസുകളില്‍ വിങ്ങലായി മാറുകയാണ്. മകളോട് കാര്യ പറയുന്നതുപോലെ പാവക്കുട്ടിയോട് സംസാരിച്ചും കളിപ്പിച്ചും ഇവര്‍ വഴിവക്കില്‍ ജീവിക്കുകയാണ്.
കുറച്ചു നാളായി ഈ അമ്മ ഇവിടെയുണ്ട്..എല്ലാവര്‍ക്കും നോവായി. എവിടെ നിന്ന് വന്നെന്നോ എന്താണ് പറ്റിയതെന്നോ ആര്‍ക്കുമറിയില്ല. മാനസിക വിഭ്രാന്തിയുള്ള ഈ സ്ത്രീ പലപ്പോഴും പരസ്പര ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുന്നതാണ് ആള്‍ക്കാര്‍ കേട്ടിട്ടുള്ളത്. പ്രായമായപ്പോള്‍ മക്കള്‍ ഇവരെ തെരുവില്‍ ഉപേക്ഷിച്ചതാണെന്നും പറയപ്പെടുന്നു. ലോക മാനസികാരോഗ്യവാരം ആചരിക്കുമ്പോഴും പുനഃരധിവസിപ്പിക്കാത്ത ഒട്ടെറെ സ്ത്രീകള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ നിത്യകാഴ്ചയാണ്. സര്‍ക്കാരുകള്‍ ഇവര്‍ക്കായി ചെലവിടുന്ന കോടികള്‍ അര്‍ഹരായവരിലേക്ക് എത്തുന്നില്ല എന്നതാണ് വസ്തുത.