ന്യൂഡല്‍ഹി : ജീവന്‍ രക്ഷിക്കാനായി റോഡിലൂടെ പായുന്ന ആംബുലന്‍സിനെ കയറ്റിവിടാതെ മറ്റ് വാഹനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിക്കുന്ന സംഭവം നിരവധിയാണ്. ഇത്തരക്കാര്‍ക്ക് മുട്ടന്‍ പണി നല്‍കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയിലൂടെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ പതിനായിരം രൂപ പിഴയിടാനാണ് പുതുക്കിയ മോട്ടര്‍ വാഹന നിയമ ഭേദഗതിയിലൂടെ ആവശ്യപ്പെടുന്നത്. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍:
അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ.
ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യപ്പെട്ട ശേഷം വാഹനമോടിച്ചാലും 10,000 രൂപ പിഴയുണ്ടാകും.
മോട്ടര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്‌സികള്‍ക്കും റെന്റ് എ കാര്‍ സര്‍വീസുകള്‍ക്കും മറ്റും ഒരു ലക്ഷം രൂപ വരെ പിഴ.
അമിത വേഗത്തിന് 1000 മുതല്‍ 2000 രൂപ വരെ പിഴ. നിലവില്‍ 400 രൂപയാണ്.
ഇന്‍ഷുറന്‍സില്ലാത്ത വാഹനമോടിച്ചാല്‍ 2000 രൂപ പിഴ.
ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചാല്‍ 1000 രൂപ പിഴയും 3 മാസം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഷനും.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനോ, വാഹനമുടമയ്‌ക്കോ 25,000 രൂപ വരെ പിഴയും 3 വര്‍ഷം തടവും. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും.
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 100 രൂപയില്‍ നിന്ന് 500 രൂപയാക്കും.
അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാത്തവര്‍ക്ക് കുറഞ്ഞ പിഴ 2000 രൂപ. നിലവില്‍ 500 രൂപയാണ്.
ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴ. അനധികൃത വാഹനമോടിച്ചാലും 5000 രൂപ പിഴയൊടുക്കണം.
അപകടകരമായ ഡ്രൈവിങിന് പിഴ 1000ത്തില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തും.
മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 10,000 രൂപ. നിലവില്‍ 2000 രൂപ.
വാഹനത്തില്‍ ഓവര്‍ലോഡു കയറ്റിയാല്‍ 20,000 രൂപ പിഴ.
സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ 1000 രൂപ പിഴ. നിലവില്‍ 100 രൂപയാണ്.
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ പിഴ. നിലവില്‍ 1000 രൂപ.
നിയമപാലകര്‍ ചട്ടം ലംഘിച്ചാല്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതിന്റെ ഇരട്ടിത്തുകയാവും പിഴയടയ്‌ക്കേണ്ടി വരിക.
ഇടിച്ചിട്ടു കടന്നു കളയുന്ന അപകടക്കേസുകളില്‍ ഇരയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം.
അപകടത്തില്‍പ്പെട്ടവര്‍ക്കു സഹായത്തിന് മോട്ടര്‍ വെഹിക്കിള്‍ ആക്‌സിഡന്റ് ഫണ്ട്.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് നിയമസംരക്ഷണം.
റോഡ് നിര്‍മാണത്തിലെ അപാകതകള്‍ അപകടകാരണമായാല്‍ കരാറുകാരനും തദ്ദേശസ്ഥാപനത്തിനും ഉത്തരവാദിത്തം.
റജിസ്‌ട്രേഷനും ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധം.
ലൈസന്‍സ് പുതുക്കാന്‍ കാലാവധിക്കു മുന്‍പ് ഒരു വര്‍ഷം മുതലും കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും സമയം.
മോശം എന്‍ജിന്‍ നിര്‍മ്മിച്ചാല്‍ കാര്‍ കമ്പനികള്‍ക്ക് 500 കോടി രൂപ പിഴ.