നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി; പ്രധാനമന്ത്രിക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് യുവാവ്

 

 

ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട റാലിയില്‍ പങ്കെടുത്ത് തിരിച്ചു വന്ന യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭര്‍ത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയത്.
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ സഹോദരി ഫര്‍ഹാത് നഖ്വി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് തിരിച്ചു വന്നപ്പോഴായിരുന്നു സംഭവം. എന്നാല്‍ താന്‍ ഫൈറയെ മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും ഡാനിഷ് പറയുന്നു.
റാലിയില്‍ പങ്കെടുത്തതു കൊണ്ടല്ല, യുവതിയ്ക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നതു കൊണ്ടാണ് താന്‍ മൊഴി ചൊല്ലിയത് എന്നാണ് ഭര്‍ത്താവിന്റെ വാദം. ഭാര്യയുടെ അമ്മാവന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്.  പറഞ്ഞിട്ടും കേള്‍ക്കാതെ സ്ഥിരമായി ജീന്‍സ് ധരിക്കുകയാണ് ഭാര്യ. ഇതിനു മോദിയുടെ റാലിയുമായി ബന്ധമൊന്നുമില്ല എന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് സ്വന്തം അമ്മായിയുമായി അവിഹിത ബന്ധം ഉണ്ടെന്നാണ് ഫൈറ പറയുന്നത്.  ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ഒരു കുട്ടിയുമുണ്ട് എന്നും അവര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും താന്‍ ബന്ധം വിട്ടൊഴിയുകയാണെന്നും പറഞ്ഞു കൊണ്ടാണ് ഇയാള്‍ മൂന്നു തവണ തലാഖ് ചൊല്ലിയത്.  ഇയാള്‍ തന്റെ കുഞ്ഞിനെ തല്ലിയെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇവര്‍ വിവാഹിതരായത്.

Top