റിവേഴ്‌സ് ഗിയറിൽ യാത്ര തുടങ്ങുന്ന മുജാഹിദ് പ്രസ്ഥാനം

 

 ബഷീർ വള്ളിക്കുന്ന് 

കേരള മുസ്‌ലിംകൾക്കിടയിൽ മതപരവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങൾക്ക് വേണ്ടി ക്രിയാത്മക ഇടപെടലുകൾ നടത്തിയ  സംഘടനയെന്ന നിലക്ക്‌ മുജാഹിദ് പ്രസ്ഥാനത്തിന് കേരള സാമൂഹ്യ ചരിത്രത്തിൽ അതിന്റേതായ ഒരിടമുണ്ട്. ആ ഇടം കൃത്യമായി അടയാളപ്പെടുത്തിയ അതിന്റെ ഗതകാല ചരിത്രത്തോട് ആ പ്രസ്ഥാനത്തിന്റെ വർത്തമാനം എത്രമാത്രം നീതിപുലർത്തുന്നു എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. തീവ്രസലഫിസത്തെക്കുറിച്ച ആഗോള ചർച്ചകളുടെ പാശ്ചാത്തലത്തിൽ മാത്രമല്ല, കേരളത്തിന്റെ സവിശേഷ സാമൂഹ്യ സാഹചര്യത്തിൽ കൂടിയാണ് ആ ചോദ്യമിപ്പോൾ ഉയർന്നു വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഒന്നര പതിറ്റാണ്ട് കാലം കേരള മുസ്‌ലിം സാമൂഹ്യാന്തരീക്ഷത്തിൽ വലിയ തർക്കങ്ങൾക്കും വിഴുപ്പലക്കലുകൾക്കും കാരണമായ ഒന്നാണ് മുജാഹിദ് വിഭാഗത്തിലെ പിളർപ്പും പിളർപ്പിനെത്തുടർന്നുണ്ടായ കിടമത്സരങ്ങളും. അത്തരം തർക്കങ്ങൾക്കൊക്കെ ഒരളവു വരെ അവസാനം കുറിച്ച് കൊണ്ടാണ് പ്രബലമായ രണ്ട് മുജാഹിദ് വിഭാഗങ്ങൾ കഴിഞ്ഞ വർഷം ഒന്നായത്. വലിയ ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട് കടപ്പുറത്ത് ലയനസമ്മേളനവും കൃത്യം ഒരു വർഷത്തിന് ശേഷം മലപ്പുറം കൂരിയാട് വെച്ച് സംയുക്തമായി സംസ്ഥാന സമ്മേളനവും നടന്നു.  പിളർന്ന മതസംഘടനകൾ ഒരുകാലത്തും ഒന്നായ ചരിത്രമോ കീഴ്വഴക്കമോ ഇല്ലാത്തതിനാൽ ഇത്തരമൊരു ലയനത്തെ ഒരു സാമൂഹ്യ അത്ഭുതമായാണ് പലരും വീക്ഷിച്ചത്. മുജാഹിദുകളുടെ ലയനത്തെ കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളെല്ലാം സ്വാഗതം ചെയ്യുന്ന അപൂർവം സ്ഥിതിവിശേഷത്തിനും കേരളക്കര സാക്ഷ്യം വഹിച്ചു.

എന്നാൽ ലയനത്തിന് ശേഷമുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു വർഷക്കാലത്തെ വിലയിരുത്തിയാൽ കേരള മുസ്‌ലിംകൾക്കും പൊതുസമൂഹത്തിനും ആശങ്കയ്ക്ക് വകയുള്ള ചില പ്രവണതകൾ മുളച്ചു വരുന്നുണ്ടെന്ന് പറയാതെ വയ്യ. ഐക്യപ്പെട്ടതിന്റെ സന്തോഷങ്ങൾക്കിടയിലും വെള്ളം മുങ്ങിപ്പോകുന്ന ചില തുരുത്തുകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ടി പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിൽ കോഴിക്കോട് സി ഡി ടവർ കേന്ദ്രമായി പ്രവർത്തിക്കുന്ന മുജാഹിദ് വിഭാഗത്തിൽ നിന്നും കോഴിക്കോട് മർക്കസുദ്ദഅവ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഡോ. ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുജാഹിദ് പക്ഷത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. വക്കം മൗലവി, കെ. എം. മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ എം സീതി സാഹിബ്, ഇ മൊയ്തു മൗലവി തുടങ്ങിയ ബഹുമുഖ പ്രതിഭകളുടെ പാരമ്പര്യത്തെ അർത്ഥവത്താക്കുന്ന സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ഇടപെടലുകൾ നടത്തുന്നതിൽ അവർ അല്പമെങ്കിലും ശ്രദ്ധ പതിച്ചിരുന്നു. ഒരു ബഹുസ്വര സമൂഹത്തിന്റെ ഇഴയടുപ്പങ്ങൾക്ക് കോട്ടം തട്ടാത്ത രൂപത്തിലുള്ള പ്രബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും അവർ ശ്രദ്ധിച്ചിരുന്നു. പല പോരായ്മകളും ഉണ്ടായിരുന്നവെങ്കിലും മുജാഹിദ് ഗ്രൂപ്പുകളിൽ അല്പമെങ്കിലും മുന്നോട്ട് നടക്കുന്ന വിഭാഗം എന്ന് തോന്നൽ പൊതുസമൂഹത്തിലുണ്ടാക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നു എന്നത് സത്യമാണ്.തികഞ്ഞ ജനാധിപത്യ  പ്രക്രിയയിലൂടെ താഴേ തട്ട് മുതൽ സംസ്ഥാന തലം വരെ കമ്മറ്റികൾ രൂപീകരിച്ച് കൂടിയാലോചനകളും ചർച്ചകളും സംവാദങ്ങളും വഴി പ്രവർത്തനം ചിട്ടപ്പെടുത്തിയിരുന്ന ഒരു രീതിയാണ് മടവൂർ വിഭാഗത്തിന് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അവരുടെ പ്രവർത്തനങ്ങളിൽ മത പ്രബോധനത്തോടൊപ്പം സമൂഹവും പരിസ്ഥിതിയും സ്ത്രീ ശാക്തീകരണവും മാധ്യമപ്രവർത്തനവും സാംസ്കാരിക പരിപാടികളുമെല്ലാം ഇടം പിടിച്ചിരുന്നു. അതിശക്തമായ ഒരു യൂത്ത് വിങ്ങുള്ള അവർ മറുവിഭാഗവുമായി ലയിക്കുന്നതോടെ മറുവിഭാഗത്തിലേക്കും ആ പ്രവർത്തന രീതിയും ശൈലിയും ക്രമേണ കടന്നെത്തും എന്ന പ്രതീക്ഷയാണ് കേരളത്തിലെ പൊതുസമൂഹത്തിനുണ്ടായിരുന്നത്. എന്നാൽ ലയന ശേഷമുള്ള കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയാൽ  നേരെ മറിച്ചാണ് സംഭവിക്കുന്നത് എന്ന് കാണാൻ പറ്റും.

പ്രവർത്തന തലങ്ങളിൽ വലിയ ശൂന്യത രൂപപ്പെട്ടു എന്ന് മാത്രമല്ല, ജനാധിപത്യ രീതിയിലുള്ള കൂടിയാലോചനകളും ചർച്ചകളും വരെ സംഘടനക്കകത്ത്‌ ഇല്ലാതെയായി. കാഴ്ചപ്പാടുകളിൽ തികഞ്ഞ സങ്കുചിതത്വവും പ്രവർത്തന രീതികളിൽ കടുത്ത അസഹിഷ്ണുതയും സാമൂഹ്യ കാഴ്ചപ്പാടുകളിൽ വലിയ തോതിലുള്ള പിന്തിരിപ്പൻ സ്വാഭാവവും വെച്ച്‌ പുലർത്തുന്ന ഏതാനും ചിലർ ആ സംഘടനയെ ഹൈജാക്ക് ചെയ്ത് കാലത്തിന് പിറകോട്ട് വലിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവർ സംഘടനക്കകത്ത് കൂടുതൽ പിടി മുറുക്കുന്നു. മുസ്‌ലിം സമൂഹത്തെ മുന്നോട്ട് നടക്കാൻ പ്രാപ്തരാക്കുന്നതിൽ ഗണനീയമായ പങ്ക് വഹിച്ച ഒരു നവോത്ഥാന പ്രസ്ഥാനം ആ സമൂഹത്തെ പിറകോട്ട് പിടിച്ച് വലിക്കുന്നവരുടെ ഒരു സംഘമായി മാറുന്നത് എന്ത് മാത്രം ദുഃഖകരമല്ല. മുകൾത്തട്ടിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്ന ജീവനില്ലാത്ത സർക്കുലറുകളുടെ സൂക്ഷിപ്പുകാരായി യുവജന പ്രസ്ഥാനവും വനിതാ വിഭാഗവും വിദ്യാർത്ഥി പ്രസ്ഥാനവുമെല്ലാം മാറിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ഈ കീഴ്ഘടകങ്ങളൊക്കെയും മതത്തെ അക്ഷരവായനക്കപ്പുറം തിരിച്ചറിയാൻ പറ്റാത്ത  കർമ്മശാസ്ത്ര പിടിവാശിക്കാരായ ഏതാനും സർക്കുലർ സെക്രട്ടറിമാരുടെ ഇരകളായി മാറിയിരിക്കുന്നു. സർഗ്ഗ ശേഷിയും പ്രവർത്തന ഊർജ്ജ്വവുമുള്ള യുവനിര പ്രസ്ഥാനത്തെ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറുന്ന സ്ഥിതി വിശേഷങ്ങളും രൂപപ്പെട്ടു വരുന്നു.

കേരള മുസ്‌ലിം സമൂഹത്തിന് ഇപ്പോൾ വേണ്ടത് മതവിഷയങ്ങളിൽ കുറേക്കൂടി വിശാല മനസ്കതയും ഇൻക്ലൂസീവ്നെസും പ്രകടമാക്കുന്ന സമീപനമാണ്. അതിന് പകരം തീവ്ര ആത്മീയതയുടെയും സ്ത്രീ വിരുദ്ധതയുടേയും പാതയിൽ സഞ്ചരിച്ചു കൊണ്ട്, കർമ്മശാസ്ത്ര ശാഠ്യങ്ങളുടെ ഇരുമ്പ് വലയത്തിനുള്ളിലിരുന്ന് മറുപക്ഷത്തുള്ളവരെയെല്ലാം കാഫിറുകളാക്കിക്കൊണ്ട്, കലയേയും സംഗീതത്തേയും നിഷിദ്ധമാക്കിക്കൊണ്ട്, അന്യമതക്കാരുടെ ആഘോഷ ദിവസങ്ങളെപ്പോലും അവമതിച്ചു കൊണ്ട്, അവർക്ക് ആശംസകൾ നൽകുന്നത് പോലും ഹറാമാക്കിക്കൊണ്ട്, പ്രസംഗങ്ങൾ മാത്രമാണ് മതപ്രബോധനം എന്ന് കരുതിക്കൊണ്ട്, മുസ്‌ലിം നവോത്ഥാനത്തെ അതിന്റെ റിവേഴ്‌സ് ഗിയറിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്ന ഒരു കോക്കസിന്റെ നിഗൂഢ നിയന്ത്രണത്തിലേക്ക്  മുജാഹിദ് പ്രസ്ഥാനം എത്തിപ്പെടുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

ഇത്തരമൊരു ദുരവസ്ഥയിൽ നേതൃനിരയുടെ തലപ്പത്തുള്ളവർ നിസ്സഹായരാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ലയിച്ച രണ്ട് വിഭാഗങ്ങളുടെയും ഏറ്റവും തലപ്പത്തുള്ള രണ്ട് പേരെ വളരെ അടുത്തറിയുന്ന ഒരാളാണ് ഈയുള്ളവൻ. ടി പി അബ്ദുല്ലക്കോയ മദനിയും ഡോ. ഹുസൈൻ മടവൂരും. രണ്ട് പേരുടേയും കാഴ്ചപ്പാടുകളും നയസമീപനങ്ങളും ഏതാണ്ട് സമാനമാണ്. പുരോഗമന കാഴ്ചപ്പാടുള്ളവരാണ് ഇരുവരും. ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങിനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവർ.. പക്ഷേ സംഘടനയേയും അതിന്റെ നയനിലപാടുകളേയും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും തിരശ്ശീലക്ക് പിറകിൽ നിന്നുള്ള കൈകളാണ്. ഒരു വലിയ ചുഴിയിലേക്കാണ് അവർ ഈ വഞ്ചി തുഴഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നതെങ്കിലും അത് നിസ്സഹായരായി നോക്കി നിൽക്കുന്ന ദുരവസ്ഥയിലാണ് നേതൃനിരയിലുള്ളവർ.

പൂർവിക പണ്ഡിതന്മാരെ ചോദ്യം ചെയ്തും പ്രമാണങ്ങളുടെ വെളിച്ചത്തിൽ അവരോട് സംവദിച്ചുമാണ് മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ വളർന്ന് വന്നത്. എന്നാൽ ആ പാരമ്പര്യത്തിന്റെ പിന്മുറക്കാർ ഇന്ന് ശ്രമിക്കുന്നത് നേതൃനിരയെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഒരു മാട്ടിൻകൂട്ടത്തെ വളർത്തിക്കൊണ്ടു വരുവാനാണ്. എന്തൊരു വിരോധാഭാസം. സംഘടനക്കകത്ത് ക്രിയാത്‌മക ചോദ്യങ്ങളും വിമർശനങ്ങളും ഉയർത്തുന്നവരാണ് ഏതൊരു സംഘടനയുടേയും കരുത്തെന്നും ആ കരുത്താണ് സംഘശക്തിയെ സക്രിയമായി മുന്നോട്ട് നയിക്കുകയെന്നുമുള്ള അടിസ്ഥാന തത്വം പോലും “അനുസരിക്കൂ, നേതൃത്വത്തിന് കീഴടങ്ങൂ” എന്ന് ഉത്തരവിടുന്ന നേതാക്കൾ തിരിച്ചറിയുന്നില്ല. സ്വതന്ത്രമായി കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോയിരുന്ന യുവജന വിഭാഗത്തിന് പോലും അവരുടെ കർമ്മപദ്ധതികളിൽ അലറി വിളിക്കുന്ന ഈ നേതാക്കളുടെ കയ്യൊപ്പ് വേണമത്രേ. ആ കയ്യൊപ്പുണ്ടെങ്കിൽ മാത്രമേ യുവനിരക്ക് ഒരു കാലടി മുന്നോട്ട് വെക്കാൻ പാടുള്ളുവത്രേ. കയ്യും കാലും വരിഞ്ഞു കെട്ടി കടലിൽ നീന്തി വിജയിക്കുവാൻ യുവത്വത്തോട് ആഹ്വാനം ചെയ്യുകയാണവർ. ഇതൊക്കെയായിരുന്നോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഐക്യപ്പെടുന്നവരിൽ നിന്ന് സമൂഹവും കാലവും പ്രതീക്ഷിച്ചിരുന്നത്?

പഴയ കാല മുജാഹിദ് നേതൃനിര നോക്കിയാൽ ഭാവനാസമ്പന്നമായ വൈവിധ്യം അവരിൽ കാണാൻ സാധിക്കുമായിരുന്നു. ബഹുഭാഷ പണ്ഡിതനും മലബാർ മുസ്ലിംകൾക്കിടയിൽ നിന്നുള്ള ആദ്യ ഗ്രന്ഥകാരനും എക്സൈസ് ഇൻസ്പെക്ടറുമായിരുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങൾ, എഴുത്തുകാരനും പത്രാധിപരും സ്വദേശാഭിമാനി പത്രമടക്കം നിരവധി പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനുമായിരുന്ന വക്കം മൗലവി, സ്വാതന്ത്ര്യ സമര സേനാനിയും ഖിലാഫത്ത് പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ തിളങ്ങുകയും ചെയ്ത കെ എം മൗലവി,  കെ പി സി സി പ്രസിഡന്റ് പദവി വരെ അലങ്കരിച്ചിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഇ മൊയ്തു മൗലവി, നിയമസഭാ സ്പീക്കറും പ്രഭാഷകനും അഡ്വക്കേറ്റുമായിരുന്ന കെ എം സീതി സാഹിബ്, (Water, water, everywhere, Nor any drop to drink” എന്ന ഗാന്ധിജിയുടെ വൈക്കം സത്യാഗ്രഹ പ്രസംഗത്തിലെ വരികൾ  ”വെള്ളം,വെള്ളം സർവത്ര വെള്ളം, ഒരു തുള്ളി കുടിപ്പനില്ലത്രേ!!” എന്നു കാവ്യാത്മകമായി ഞൊടിയിടയിൽ പരിഭാഷപ്പെടുത്തിയ അതേ സീതി സാഹിബ്), തുടക്കകാലത്ത് യുക്തിവാദി  നേതാവായിരുന്ന മലബാറിലെ അറിയപ്പെടുന്ന ഡോക്ടർ എം ഉസ്മാൻ സാഹിബ്.. അങ്ങിനെ നിരവധി പേർ.. വൈവിധ്യമാർന്ന ജീവിത മേഖലകളിൽ നക്ഷത്രങ്ങൾ പോലെ വെട്ടിത്തിളങ്ങി നിന്നിരുന്ന മഹാരഥന്മാർ. അത്തരം നേതാക്കന്മാരാൽ സമ്പന്നമായിരുന്നത് കൊണ്ട് തന്നെ പ്രവർത്തന തലങ്ങളിൽ തികഞ്ഞ വൈവിധ്യം പുലർത്താനും ഒരു ബഹുസ്വര സമൂഹത്തിന്റെ നാഡിമിടുപ്പുകൾ മനസ്സിലാക്കി പ്രവർത്തിക്കാനും അവർക്കൊക്കെയും സാധിച്ചു. നേതൃനിരയിൽ ഭാവനാസമ്പന്നമായ അത്തരമൊരു  വൈവിധ്യം ഇന്നില്ലാതെ പോയി. മതപണ്ഡിതന്മാരുടെ ഒരു കൂട്ടം മാത്രമായി നേതൃനിര പരിമിതപ്പെട്ടു. അതിന്റെ ദുരന്തം കൂടിയാണ് ഈ നവോത്ഥാന പ്രസ്ഥാനം ഇന്നനുഭവിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

ചില പ്രത്യേക വിഷയങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ കാത്തുസൂക്ഷിക്കുന്ന നേതാക്കന്മാർക്ക് അതിനുള്ള സ്വാതന്ത്ര്യവും ഇടവും നൽകിയിരുന്ന ഒരു പഴയ കാല മുജാഹിദ് പാരമ്പര്യത്തിൽ നിന്ന് വിട്ട് മാറി കാർക്കശ്യക്കാരായ ഏതാനും നേതാക്കൾ വരച്ച വരയ്ക്കുള്ളിൽ അഭിപ്രായങ്ങൾ തളച്ചിടണമെന്ന് പറയുന്ന വരട്ടു വാദത്തിലേക്കാണ് മുജാഹിദ് പ്രസ്ഥാനത്തെ അതിന്റെ പിൻസീറ്റ് ഡ്രൈവർമാർ കൊണ്ട് പോകാൻ ശ്രമിക്കുന്നത്. ജിന്ന്, സിഹ്ർ വിവാദങ്ങൾ വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ട് വന്ന്, പ്രസ്ഥാനത്തിന്റെ മുഖപത്രങ്ങളിൽ വിശദീകരണവും വിശദീകരണത്തിന് മേൽ വിശദീകരണവും നൽകിക്കൊണ്ട്, ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന ജീവത് പ്രശ്നങ്ങളെ അഡ്രസ് ചെയ്യാതെ അപഹാസ്യമായ ചർച്ചകളിലേക്ക് പ്രസ്ഥാനത്തെ തളച്ചിടുന്ന കാഴ്ചയും നാം കണ്ടു. അത്തരം വിഷയങ്ങളിൽ പരസ്പരം തർക്കിക്കുകയും പോരടിക്കുകയും ചെയ്യുന്ന ഒരു യുവനിരയെയാണ് സോഷ്യൽ മീഡിയയിൽ പോലും കാണാൻ കഴിയുന്നത്. എന്തൊരു ദുരന്തമാണിത്.

അഭിപ്രായ വൈവിധ്യങ്ങളെ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ചർമർത്താൻ നോക്കുന്ന അലറിവിളിക്കലുകൾ കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തിന്റെ സമാപന വേദിയിൽ പോലും കേൾക്കാൻ കഴിഞ്ഞു എന്നതാണ് അത്യന്തം ദുഃഖകരമായിട്ടുള്ളത്. ടി പി അബ്ദുല്ലക്കോയ മദനിയും ഡോ. ഹുസൈൻ മടവൂരും ഉൾപ്പെടെയുള്ള നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്ത സൗഹാർദ്ദ പ്രതിനിധികളും പേർത്തും പേർത്തും പറഞ്ഞ സഹിഷ്ണുതയുടെ പാഠങ്ങളെ മുഴുവൻ റദ്ദ് ചെയ്യുന്ന പ്രകടനങ്ങളാണ് പിൻസീറ്റ് ഡ്രൈവർമാരിൽ നിന്നും സമ്മേളന വേദിയിൽ ഉയർന്നത്. അവരൊരു ന്യൂനപക്ഷമാണെന്നു കരുതിയാൽ തെറ്റി. ആ ന്യൂനപക്ഷത്തിന്റെ കൈകളിലായിരുന്നു സംഘടനയെന്ന പോലെ സമ്മേളനത്തിന്റെയും ചുക്കാൻ.

കാലികമായ ദൗത്യങ്ങളെ തിരിച്ചറിയാതിരിക്കുന്നതിടത്താണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നത്.  എല്ലാവിധത്തിലുള്ള മത തീവ്രവാദങ്ങൾക്കുമെതിരെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളക്കരയിൽ ശബ്ദമുയർത്തിയവരാണ് മുജാഹിദ് പ്രസ്ഥാനക്കാർ. അബ്ദുൽ നാസർ മഅദനിയുടെ നേതൃത്വത്തിൽ ഐ എസ് എസ് രൂപീകൃതമായ ഘട്ടത്തിൽ തന്നെ കേരളത്തിന്റെ ബഹുസ്വര ജീവിതത്തിന് അത് ആഴത്തിലുള്ള മുറിവേല്പിക്കുമെന്ന് കണ്ടറിഞ്ഞു കൊണ്ട് ശക്തമായ തീവ്രവാദ വിരുദ്ധ ക്യാമ്പയിനുകൾക്ക് തുടക്കം കുറിച്ച കേരളത്തിലെ ആദ്യത്തെ മതസംഘടനയാണ് അത്. പിന്നീടിങ്ങോട്ടും അതേ നിലപാടുകളാണ് സംഘടന തുടർന്ന് വന്നിട്ടുള്ളത്. എന്നാൽ ഈയടുത്ത കാലത്തായി സംഘടനക്കകത്തും സംഘടനയുടെ പിളർപ്പുമായി ബന്ധപ്പെട്ട ചില അവാന്തര വിഭാഗങ്ങൾക്കിടയിലും തീവ്ര ആത്മീയതയുടെ കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നത് നിഷേധിക്കുക വയ്യ. ആത്മീയ ജീവിതത്തിന്റെ പൂർണതക്ക് യമനിലേക്ക് ആട് മേക്കാൻ പോകുന്നവരുടെ കൂട്ടത്തെ സൃഷ്ടിക്കുന്നതിൽ അത്തരം തീവ്ര ആത്‌മീയതകൾക്ക് വലിയ പങ്കുണ്ട്. അത്തരം ചിന്താധാരകൾ കൂടുതൽ യുവാക്കൾക്കിടയിൽ സ്വാധീനം നേടി വരുമ്പോൾ, ജാറങ്ങൾ തകർക്കുന്നത് പോലെയുള്ള ‘തീവ്ര ശുദ്ധീകരണ’ പ്രവർത്തനങ്ങൾക്ക് കേരളക്കര സാക്ഷ്യം വഹിക്കുമ്പോൾ, അമുസ്ലിമിന്റെ വീട്ടിൽ നിന്നുള്ള പ്രകാശം പോലും തടയണമെന്ന് ചില ‘പണ്ഡിതന്മാർ’ പ്രസംഗിക്കുമ്പോൾ രോഗം പടിവാതിൽക്കലല്ല, വീട്ടിനുള്ളിൽ തന്നെ എത്തിയിട്ടുണ്ടെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അത്തരം തിരിച്ചറിവുകളെ അഡ്രസ് ചെയ്യുന്ന കർമപദ്ധതികളാണ് ഉണ്ടാകേണ്ടത്. തീവ്രവാദത്തിനെതിരെയുള്ള മുൻകാല നിലപാടുകളുടെ തുടർച്ചയും വളർച്ചയും മാറിയ സാഹചര്യങ്ങളിൽ കൂടുതൽ ശക്തമാക്കുവാൻ ഐക്യപ്പെട്ട മുജാഹിദുകളുടെ ഊർജ്ജം ചിലവഴിക്കപ്പെടേണ്ടതുണ്ട്. ആന്തരിക വടം വലികളിലും സമൂഹത്തിനോ സമുദായത്തിനോ ഗുണം നൽകാത്ത വിഷയങ്ങളിലുമാകരുത് ആ ഊർജം ചിലവഴിക്കപ്പെടേണ്ടത്.

ചുരുക്കിപ്പറഞ്ഞാൽ ഈ സംഘടനയെ പിറകോട്ട് പിടിച്ചു വലിക്കുന്ന ശക്തികളെ തിരിച്ചറിയാനും നിയന്ത്രിക്കാനും നേതൃനിരയിലുള്ളവർക്ക് സാധിക്കാത്ത പക്ഷം മുജാഹിദ് പ്രസ്ഥാനത്തെ കാത്തിരിക്കുന്നത് കൂടുതൽ ക്ഷിദ്രതയും ഭിന്നിപ്പുമാണ്. ജനാധിപത്യ രീതികളും കൂട്ടായ ചർച്ചകളും പുനസ്ഥാപിക്കപ്പെടണം. യുവനിരയുടെ അഭിപ്രായങ്ങളെക്കൂടി കേൾക്കാനുള്ള മനസ്സുണ്ടാവണം. ഇനിയുമൊരു ഭിന്നിപ്പിനെ ഈ പ്രസ്ഥാനത്തിന് താങ്ങാനാവുമെന്ന് തോന്നുന്നില്ല. കാലം കാത്തിരുന്ന് കൈവന്ന ഐക്യമാണിത്. ഇത്തരമൊരു അവസരം ഇനി ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലും ഉണ്ടായെന്ന് വരില്ല. ഈ അവസരത്തെ കേരള പൊതുസമൂഹത്തിനും  മുജാഹിദ് പ്രസ്ഥാനത്തിനും ഗുണകരമാവുന്ന ഒരു തലത്തിലേക്ക് പരിവർത്തിപ്പിച്ചെടുക്കുവാൻ ധിഷണാപൂർണമായ ഇടപെടലുകൾ നടത്തേണ്ട അവസരമാണിത്. അത്തരം ഇടപെടലുകൾ നേതൃതലത്തിൽ ഉണ്ടായേ തീരൂ. ഫാസിസം ഇന്ത്യയെ വിഴുങ്ങാൻ വായ് പിളർത്തി നിൽക്കുമ്പോൾ അതിനെതിരെയുള്ള മതേതര സമൂഹത്തിന്റെ ചെറുത്തു നില്പിന് കരുത്ത് നല്കുന്ന ഒരു ന്യൂനപക്ഷത്തെ വളർത്തിക്കൊണ്ടു വരുന്നതിൽ മുജാഹിദ് വിഭാഗത്തിന് അവരുടേതായ പങ്ക് വഹിക്കാൻ  കഴിയണം. നവോത്ഥാന പൈതൃകത്തിന്റെ തന്നെ അടിവേരറുക്കുന്ന ആന്തരിക ശൈഥില്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും കഴിയണം. അതിന് കഴിയാത്ത പക്ഷം ഒരു വലിയ സാമൂഹ്യ ദുരന്തത്തിലേക്കാണ് ഈ സംഘടനയേയും അതിന്റെ ലക്ഷക്കണക്കിന്  അനുയായികളേയും അതിന്റെ നേതൃത്വം നയിച്ചു കൊണ്ടിരിക്കുന്നത് എന്ന് സങ്കടത്തോടെ പറയേണ്ടി വരും.

Top