ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ കോവിഡ് ടെസ്റ്റ് : ഈ പിടിവാശി എന്തിന്?

ബഷീർ വള്ളിക്കുന്ന്

ഗൾഫ് നാടുകളിൽ നിന്ന് സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കേരള സർക്കാരിന്റെ സർക്കുലർ ഒരു വലിയ ഷോക്കാണ് പ്രവാസ ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്.
ഇന്നത്തെ ഒരനുഭവം പറഞ്ഞു കൊണ്ട് തുടങ്ങാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വൻകിട ആശുപത്രിയുടെ രണ്ട് പ്രതിനിധികൾ ജിദ്ദയിലെ ഞങ്ങളുടെ കമ്പനിയിൽ വന്നു. ഡോക്ടർമാരാണ്. വലിയ കമ്പനികളുടെ തൊഴിലാളികളെ മൊത്തം കോവിഡ് പരിശോധനക്ക് വിധേയമാക്കാനുള്ള പാക്കേജുമായുള്ള മാർക്കറ്റിങ് സന്ദർശനമാണ്. അവരോട് ഞാനാണ് സംസാരിച്ചത്. ടെസ്റ്റുകൾക്ക് പ്രൈസ് എത്ര എന്നാണ് ആദ്യമായി ചോദിച്ചത്.. ഒരു വ്യക്തിക്ക് ആയിരത്തി എഴുന്നൂറ്റി അമ്പത് റിയാൽ.. കമ്പനിയിലുള്ള തൊഴിലാളികളെ മൊത്തത്തിൽ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ പാക്കേജ് പ്രൈസായി ഒരാൾക്ക് ആയിരത്തി നാന്നൂറ്റി അമ്പത് റിയാൽ. അതായത് ഇന്നത്തെ റേറ്റ് പ്രകാരം ഇരുപത്തി ഒമ്പതിനായിരത്തി മുന്നൂറ്റി നാല്പത് രൂപ. വ്യക്തികൾ പോയി നേരിട്ട് ചെയ്യുകയാണെങ്കിൽ ഇന്ത്യൻ രൂപ മുപ്പത്തി അയ്യായിരത്തി നാന്നൂറ്..

സർക്കാർ ആശുപത്രികളിൽ ഈ ടെസ്റ്റ് ഫ്രീയായി ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി. അവിടെ ടെസ്റ്റ് ചെയ്യുവാൻ വലിയ കടമ്പകൾ ഉണ്ട്, രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കാത്തിരിക്കണം, മാത്രമല്ല കടുത്ത കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമേ ടെസ്റ്റ് ചെയ്യൂ, അല്ലാത്തവർക്ക് ചെയ്യില്ല. നേരിട്ട് പോയി ആർക്കും ടെസ്റ്റ് ചെയ്യാൻ കഴിയില്ല.

ഗൾഫിലെ അവസ്ഥയുടെ നേർചിത്രം ഇതാണ്. ജോലിയും ശമ്പളവുമില്ലാതെ ദുരിതക്കയത്തിൽ നിന്ന് നാടണയാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ എന്തെല്ലാം കടമ്പകളാണ് സർക്കാരുകൾ ഉണ്ടാക്കുന്നത്. ഫ്ലൈറ്റുകളില്ല, വലിയ വില കൊടുത്ത് ചാർട്ടേർഡ് ഫ്‌ലൈറ്റുകളിൽ പോകാനൊരുങ്ങിയാൽ കോവിഡ് സർട്ടിഫിക്കറ്റെന്ന മറ്റൊരു കടമ്പ.. അതിന് മുപ്പത്തി അയ്യായിരം വേറെ കണ്ടത്തണം.. ടെസ്റ്റ് നടത്തിക്കിട്ടാനും അതിന്റെ റിസൾട്ട് കിട്ടാനുള്ള പെടാപാടുകൾ വേറെ.. സ്വാകാര്യ ആശുപത്രികൾക്ക് അവർക്ക് ഇഷ്ടമുള്ളത്ര ടെസ്റ്റുകൾ നടത്താൻ പറ്റില്ല, അതിന് ക്വാട്ടകളുണ്ട്.. അവിടെയും ദിവസങ്ങൾ രജിസ്റ്റർ ചെയ്ത് കാത്തിരിക്കണം.. ഫലത്തിൽ പ്രവാസികളുടെ നാട്ടിൽ പോക്ക് ഇല്ലാതെയാകുമെന്ന് ചുരുക്കം..

കൂടെയുള്ള യാത്രക്കാർക്ക് കോവിഡ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിബന്ധനയെന്ന് ശൈലജ ടീച്ചർ പറയുന്നത് കേട്ടു. അത് മനസ്സിലാക്കുന്നു. എന്നാൽ പകർച്ച സാധ്യത ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ ഗൾഫിൽ നിന്ന് വരുന്നവർക്ക് മാത്രമാണോ?.. നാട്ടിൽ വിമാനത്തിലും ട്രെയിനിലും ബസ്സിലും യാത്രചെയ്യുന്നവരുടെ കാര്യമെന്താണ്?.. വിദേശത്ത് നിന്ന് തന്നെ സർക്കാർ ഫ്ലൈറ്റുകളിൽ വരുന്നവരുടെ കാര്യമെന്താണ്?.. അവിടെയൊന്നും പകർച്ചയുടെ പ്രശ്നങ്ങൾ ഇല്ലേ?. മനസ്സിലാകാത്ത കാര്യമതാണ്. നാട്ടിലെത്തുന്നവരെ കൃത്യമായ പരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കുക, ക്വാറന്റൈൻ ശക്തമാക്കുക എന്നതിലപ്പുറം ഈ ഘട്ടത്തിൽ മറ്റൊന്നും നമുക്ക് ചെയ്യാൻ സാധിക്കില്ല. പ്രവാസികളുടെ വരവ് ഇല്ലാതാക്കുന്നത് കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല ഇപ്പോൾ ഇന്ത്യയിലുള്ളത്.

കേന്ദ്രത്തിനോട് അപേക്ഷിച്ചുവെന്നും എംബസികൾ ടെസ്റ്റ് നടത്തട്ടെ എന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.. എംബസികൾ.. ബെസ്റ്റ് ടീമാണ്.. ഒരു വിമാനത്തിൽ പോകേണ്ട ആളുകളുടെ ലിസ്റ്റ് മര്യാദക്കൊന്ന് തയ്യാറാക്കാൻ പോലും സാധിക്കാത്ത നിർഗുണ പരബ്രഹ്മങ്ങളാണ് നമ്മുടെ എംബസികൾ.. ഒരു സർട്ടിഫിക്കറ്റ് സീൽ ചെയ്ത് തരാൻ കൊല്ലുന്ന കാശ് വാങ്ങിക്കുന്നവർ.. അവരാണ് ആയിരക്കണക്കിന് പ്രവാസികൾക്ക് ഫ്രീയായി കോവിഡ് ടെസ്റ്റ് നടത്താൻ പോകുന്നത്.. ഇതൊക്കെ ആരോടാണ് പറയുന്നത്, ആരുടെ കണ്ണിൽ പൊടിയിടാനാണ്.. മാത്രമല്ല, കോവിഡ് ടെസ്റ്റ് വേണമെന്ന സർക്കുലർ അയച്ചത് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ്, കേന്ദ്രമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടത് ഈ വിഷയത്തിൽ കേന്ദ്രവുമായി ചർച്ച നടത്തുന്നതിന് പകരം നോർക്ക സെക്രട്ടറിയോട് അയച്ച ഉത്തരവ് പിൻവലിക്കാൻ പറയുകയാണ്. ഈ വിഷയത്തിൽ കേന്ദ്രത്തിനോട് അപേക്ഷിക്കുന്നതിൽ ലോജിക്കില്ല, ഒരു ഇന്റർകോം കോളിന്റെ ആവശ്യമേ അതിനുള്ളൂ.

കോവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളിലും ലോകരാഷ്ട്രങ്ങൾക്കിടയിൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ നേടിയ സത്‌പേരിലും ഏറെ സന്തോഷിക്കുന്നവരാണ് പ്രവാസികൾ. കൂടെ കഴിയുന്ന അന്യദേശക്കാരോട് അതിനെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നവരാണ് അവർ.. പക്ഷേ പിറന്ന മണ്ണും ഭൂമിയും ഇത്തരമൊരു ദുരിത ഘട്ടത്തിൽ അവരുടെ തിരിച്ചുവരവിന് സാങ്കേതിക പ്രയാസങ്ങൾ സൃഷ്ടിക്കുമ്പോൾ അവർക്ക് അതിനെതിരെ പ്രതികരിക്കുകയല്ലാതെ മറ്റൊരു ഓപ്‌ഷനില്ല.

നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് മുഴുവൻ കോവിഡ് ടെസ്റ്റുകൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഏർപ്പാട് ചെയ്യുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് നല്ല കാര്യം തന്നെ. അവർ അതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുവാൻ തയ്യാറാകുമെങ്കിൽ പ്രവാസികൾക്ക് ആ വിഷയത്തിൽ ടെസ്റ്റുകൾ നടത്തുന്നതിൽ സന്തോഷമേ ഉണ്ടാകൂ.. രോഗമുണ്ടോ ഇല്ലയോ എന്ന് അറിയുവാൻ ആർക്കാണ് ആഗ്രഹമില്ലാതിരിക്കുക, നാട്ടുകാർക്കോ വീട്ടുകാർക്കോ രോഗം പകർത്തണമെന്ന് കരുതുന്നവരല്ല അവർ, ജോലിയും ശമ്പളവുമില്ലാത്ത ഒരവസ്ഥയിൽ നാടണയാൻ ആഗ്രഹിക്കുന്ന പാവങ്ങളാണ്. നിലവിലെ ഗൾഫിലെ സാഹചര്യത്തിൽ വളരെ പ്രയാസമുള്ള ഒരു കാര്യം അവരിൽ അടിച്ചേൽപ്പിക്കുന്നതിന് എതിരാണ് ഇപ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾ.

കൂടുതലൊന്നും പറയുന്നില്ല, പ്രവാസികളോടും അവർ ഇന്നനുഭവിക്കുന്ന ദുരിതങ്ങളോടും തരിമ്പെങ്കിലും കൺസേൺ ഉണ്ടെങ്കിൽ അടിയന്തിരമായി വേണ്ടത് ഈ നിബന്ധന നിരുപാധികം പിൻവലിക്കുകയാണ്. അതിൽ കുറഞ്ഞ ഒന്നും ഈ പ്രശ്നത്തിന് പരിഹാരമാകില്ല.

Top