ന്യൂഡല്‍ഹി: കനത്ത മഴയിൽ കേരളത്തിൽ ഭീതി പരത്തുന്ന തരത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍. ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു.കേരളം, തമിഴ്‌നാട് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. ജലനിരപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കും.ജലനിരപ്പ് 139 അടിയാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കണം. നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിക്ക് നിര്‍ദേശം.അതേസമയം സുപ്രീം കോടതിയുടെ പരിഗണയിൽ 142 അടി എന്ന ജലനിരപ്പ് തമിഴ്‌നാട് ലംഘിച്ചിരിക്കയാണ് .ജലനിരപ്പ് 142.30 അടിയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് സുപ്രീംകോടതി തമിഴ്‌നാടിനോട് ആരാഞ്ഞിരുന്നു. ജലനിരപ്പ് 139 അടിയാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കണം. നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേരളത്തിന് തമിഴ്നാട് കത്ത് നല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് എടപ്പാടി പളനിസ്വാമി അറിയിച്ചത്. ഡാം സുരക്ഷിതമാണെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എടപ്പാടി കത്തയച്ചു.അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം തമിഴ്നാടിന്റെ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.
സുരക്ഷയുടെ എല്ലാ വശങ്ങളും വിദഗ്ധര്‍ വിലയിരുത്തിയ ശേഷമാണ് മറുപടിയെന്നാണ് കത്തിലെ പരാമര്‍ശം. നിലവില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന അത്രയും വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും കത്തില്‍ പറയുന്നു. കേരളത്തിന്‍റെ വൃഷ്ടിപ്രദേശങ്ങള്‍ പരിശോധിക്കാന്‍ തമിഴ്നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥരെ കേരളം അനുവദിക്കുന്നില്ലെന്നും ഈ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര അടി ജലം ഡാമിലെത്തുമെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.
മുലപ്പെരിയാര്‍ ഡാം പരിസരങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് 1.65 കോടി രൂപ തമിഴ്നാട് കെഎസ്ഇബിയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എടപ്പാടി കത്തില്‍ പറയുന്നു.
സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. 142 അടി വരെ ജലിനരപ്പ് ഉയര്‍ന്നാലും ഡാം സരക്ഷിതമാണെന്നാണ് തമിഴ്നാട് നേരത്തേയും വ്യക്തമാക്കിയിരുന്നത്. കേന്ദ്രം ഇടപെട്ടിട്ടും തങ്ങളുടെ നിലപാട് തിരുത്താന്‍ ഇവര്‍ തയ്യാറായില്ല.
ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിരുന്നു. ബുധനാഴ്ച പുലർച്ചെ 2.35ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം തമിഴ്നാട് തുറന്നുവിട്ടത്. സ്പിൽവേയിലെ 13 ഷട്ടറുകൾ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതിൽ മൂന്നു ഷട്ടറുകൾ അടച്ചു. 15 ന് പുലർച്ചെ 1.30 നുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു.
സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി ബുധനാഴ്ച രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകിയിരുന്നു. സെക്കൻഡിൽ 4489 ഘനയടി വെള്ളമാണ് ഡാമിൽ നിന്നു പുറന്തള്ളുന്നത്.
അണക്കെട്ടിൽ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്ക വര്‍ഷങ്ങളായി കേരളം ഉന്നയിക്കുന്നതാണെങ്കിലും അത് ചെവിക്കൊള്ളാതെ വെള്ളത്തിന്റെ അളവ് 152 അടി ആക്കണമെന്നാണ് തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഡാമിന്റെ നിയന്ത്രണ ചുമതല തമിഴ്‌നാട് സര്‍ക്കാരിനാണ്. വര്‍ഷങ്ങളായി ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.
കേരളത്തിലെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകി കൊണ്ടിരിക്കുകയാണ്. കടലിലേക്ക് വെള്ളം ഒഴുകി പോകാതെ ആലുവ, പറവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ വെള്ളത്തിലായി. മുല്ലപ്പെരിയാറില്‍നിന്ന് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്ന വെള്ളം എത്തിയിരിക്കുന്നത് പെരിയാറിലൂടെ ആലുവയിലാണ്. ഈ സാഹചര്യത്തിലാണ് ഡാം സുരക്ഷിതമാക്കണമെന്നും ജലനിരപ്പ് താഴ്ത്തണമെന്നുമുള്ള ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് മുന്നില്‍ വെച്ചത്.