
കോട്ടയം: മുണ്ടക്കയത്ത് അച്ഛനെ മകൻ പട്ടിണിയ്ക്കിട്ടുകൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മുണ്ടക്കയം വണ്ടംപതാൽ അസംബനിയിൽ തൊടിയിൽ പൊടിയൻ (80) മരിച്ച സംഭവത്തിലാണ് മകൻ റെജിയ്‌ക്കെതിരെ മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.ഷിബുകുമാർ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 304 വകുപ്പ് പ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. റെജിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്തെ മകന്റെ വീടിനുള്ളിൽ പൊടിയനെയും ഭാര്യ അമ്മിണിയെയും അവശരായി കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ ആശാവർക്കറാണ് ഇവരുടെ ആരോഗ്യ സ്ഥിതി മോശമായത് തിരിച്ചറിഞ്ഞതും തുടർന്നു ഇവരെ ആശുപത്രിലാക്കിയതും.
ചൊവ്വാഴ്ചയാണ് പൊടിയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ്, പൊടിയന്റെ മരണം സംഭവിച്ചത്. പൊടിയന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദിവസങ്ങളോളമായി ഭക്ഷണം ലഭിക്കാതെ ഇയാൾ അവശനായിരുന്നു എന്ന പ്രാഥമിക വിവരമുണ്ടെന്നാണ് സൂചന. മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് ഇയാൾ അവശനായത് എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്.
വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം റെജിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ ഭക്ഷണവും പരിചരണവും ലഭിക്കാതെ ഗുരുതരാവസ്ഥയിലായ അമ്മിണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.