ഇടുക്കി പൂപ്പാറ നടുപ്പാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ബോബിന്‍ പിടിയില്‍. തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ പൊലീസ് ട്രേസ് ചെയ്തിരുന്നു. പ്രതിയെയും കൊണ്ട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. സംഭവസ്ഥലത്തെത്തിച്ചു ഇന്ന് തന്നെ തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ ഉണ്ടാകും. തമിഴ്‌നാട് മധുരയില്‍ നിന്ന് എസ്‌ഐ അനൂപ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വര്‍ഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്.
സന്ദര്‍ശകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്. ബോബിനെ ഒളിവില്‍ കഴിയാനും എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച ഏലം വില്‍ക്കാനും സഹായിച്ച ചേറ്റുപാറ സ്വാദേശികളായ ദമ്പതികള്‍ കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയിരുന്നു. ബോബിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലയ്ക്കാ സ്റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയില്‍ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളില്‍ നിന്നുള്ള സൂചനയും ബോബിനെ കൊലപാതകത്തിന് ശേഷം സഹായിച്ചതിനു അറസ്റ്റിലായ ദമ്പതികളുടെ മൊഴിയും പ്രതിയിലേക്കു എളുപ്പത്തിലെത്താന്‍ സഹായകമായി. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗീസ് വെടിയേറ്റും, മുത്തയ്യയുടെ തലയ്ക്ക് പിന്നിലും,നെറ്റിയിലും കട്ടിയുള്ള ആയുധംകൊണ്ട് അടിയേറ്റുമാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടയില്‍ ഉണ്ടായ കൊലപാതകമാണോ, അതോ മറ്റെന്തെങ്കിലും കരണങ്ങളുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.