ദുര്‍മന്ത്രവാദം തുഷാരയുടെ ജീവനെടുത്തു..!! ചോദ്യ ചിഹ്നമായി രണ്ട് മക്കളുടെ ജീവിതം

കൊല്ലം: ഭര്‍തൃ വീട്ടില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 27 കാരിയായ തുഷാര അനുഭവിച്ചത് കൊടും ഭീകരതകള്‍. പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അധികമില്ലാത്ത വീട്ടില്‍ തുഷാരയുടെ അമ്മയ്ക്കും സഹോദരനും പോലും കടക്കാനാവില്ലായിരുന്നു. തകര ഷീറ്റുകൊണ്ട ചുറ്റും മറച്ച വസ്തുവില്‍ വീടിന് കമ്പിവേലിയും കെട്ടിയിരുന്നു.

മുന്നിലെ ചെറിയ ഇരുമ്പുഗേറ്റ് ചങ്ങലകൊണ്ട് പൂട്ടിയിരിക്കുന്നു. എല്ലാം പുറത്തുള്ളവരെ അകറ്റിനിര്‍ത്താനുള്ള മുന്‍കരുതലുകള്‍. വീട് പുതുക്കിപ്പണിയാന്‍ പൊളിച്ചിട്ടിരിക്കുകയാണ്. വീട്ടുകാര്‍ താമസിക്കുന്നത് തകരഷീറ്റുകൊണ്ടുണ്ടാക്കിയ താത്കാലിക ഷെഡ്ഡില്‍. വീടിന്റെ കവാടത്തോടു ചേര്‍ന്ന് അടച്ചിട്ടിരിക്കുന്ന പൂജാമുറി. ഇവിടെയാണ് 27-കാരിയായ തുഷാരയെ ദുര്‍മന്ത്രവാദത്തെത്തുടര്‍ന്ന് പട്ടിണിക്കിട്ട് കൊന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃമാതാവ് ഗീതാലാലും ക്രൂരമായി മര്‍ദിച്ചും ഭക്ഷണം നല്‍കാതെയുമായിരുന്നു തുഷാരയുടെ മരണം. തുഷാര കഴിഞ്ഞ 21-നാണ് മരിച്ചത്. മൃതദേഹത്തിന് വെറും 20 കിലോ മാത്രമായിരുന്നു തൂക്കം. വെറും അസ്ഥിപഞ്ജരം. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. ഭക്ഷണം കിട്ടാതെയും ന്യൂമോണിയ ബാധിച്ചുമാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുമുണ്ടായിരുന്നു.

പോലീസ് കേസെടുത്തത് സ്ത്രീധനത്തിന്റെപേരില്‍ കൊലപ്പെടുത്തിയെന്നാണ്. തുഷാര ദുര്‍മന്ത്രവാദത്തിനിരയായത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. ദിനരാജ് പറഞ്ഞു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുഷാരയുടെ മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. നാല്, ഒന്നര വയസ്സുള്ള കുട്ടികളെയാണ് ഏറ്റെടുത്തത്.

സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപ നല്‍കാത്തതിന്റെപേരിലും തുഷാരയെ ഭര്‍ത്താവും അമ്മയും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന് ഐശ്വര്യമുണ്ടാവാന്‍ തടസ്സം തുഷാര ജീവിച്ചിരിക്കുന്നതാണെന്ന വിശ്വാസമാണ് ഇഞ്ചിഞ്ചായി കൊല്ലാന്‍ കാരണമായതെന്ന് അയല്‍വാസികള്‍ പറയുന്നു. ‘നീ ജീവിച്ചിരിക്കുമ്പോള്‍ ഈ കുടുംബത്തിന് ഒരു ഗുണവും പിടിക്കത്തില്ലടീ’ എന്നുപറഞ്ഞ് ഭര്‍ത്താവും അമ്മയും മര്‍ദിക്കാറുണ്ടെന്ന് തുഷാര പറഞ്ഞതായി അടുത്ത ബന്ധു പ്രഭലത വെളിപ്പെടുത്തി.

ഗീതാലാലിനെ മാത്രമല്ല, ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വീടിനെയും നാട്ടുകാരും പരിസരവാസികളും ഭയന്നിരുന്നു. ആഡംബര വാഹനങ്ങളില്‍ അപരിചിതരായ ആളുകള്‍ പതിവായി എത്തിയിരുന്നു. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളില്‍ കണ്ടിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാന്‍ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏല്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു നാട്ടുകാര്‍ക്കിടയിലെ സംസാരം.

Top