ഭാര്യയെ കൊലപ്പെടുത്തുകയും പിന്നീട് 72 കഷ്ണങ്ങളാക്കി ഫ്രീസറില്‍ ഒളിപ്പിക്കുകയും ചെയ്ത ക്രൂരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ദില്ലി സ്വദേശിയും ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസക്കാരനുമായ രാജേഷ് ഗുലാത്തിയെയാണ് കോടതി ജീവിതാവസാനംവരെ ജയിലിലടച്ചത്. ഭാര്യ അനുപമയെ കൊലപ്പെടുത്തുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. 2010 ഡിസംബര്‍ 11ന് അനുപമയുടെ സഹോദരന്‍ സുജന്‍ പ്രധാന്‍ സഹോദരിയെ കാണാനില്ലെന്നുകാട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസ് അന്വേഷണത്തിന് തുടക്കമാകുന്നത്. പോലീസ് അന്വേഷണത്തില്‍ ഭര്‍ത്താവ് രാജേഷ് തന്നെയാണ് കൊലപാതകിയെന്ന് കണ്ടെത്തി. രാജേഷ് പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. 2010 ഒക്ടോബര്‍ 17ന് രാത്രിയോടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ചുമരിനിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു. പിന്നീട് 72 കഷ്ണങ്ങളാക്കി പ്രത്യേക ഫ്രീസറില്‍ സൂക്ഷിച്ചു. ഭാര്യയുടെ മൃതദേഹം സൂക്ഷിക്കാനായി മാത്രമാണ് ഫ്രീസര്‍ വാങ്ങിയത്. ഇവരുടെ ചെറിയ രണ്ട് കുട്ടികളും ബന്ധുക്കളും അനുപമയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പുറത്തുപോയെന്നാണ് മറുപടി പറയാറുള്ളത്. സംശയം തോന്നിയ സഹോദരന്‍ പരാതി നല്‍കിയോതോടെ പ്രതി പിടിയിലായി. രാജേഷിന് കൊല്‍ക്കത്ത സ്വദേശിയായ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അനുപമ ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്.
ദില്ലി സ്വദേശികളായ ഇരുവരും ഏതാണ്ട് പതിനെട്ട് വര്‍ഷത്തോളം അമേരിക്കയിലായിരുന്നു. ഇവര്‍ പിന്നീട് തിരിച്ചെത്തി ഡെറാഡൂണില്‍ താമസം തുടങ്ങി. ഇവിടെവെച്ചായിരുന്നു കൊലപാതകം.