സിസ്റ്റര്‍ അമലയും അഭയയുടെ വഴിയേ: കൊലപാതകങ്ങള്‍ തമ്മിലും സാമ്യം ഏറെ; പ്രതിക്കൂട്ടിലാകുന്നത് സഭയും മഠവും; തുടര്‍ ആക്രമണങ്ങള്‍ എന്ന കഥ സഭയുടെ തിരക്കഥ

കോട്ടയം: പാലാ കാര്‍മ്മലീത്താ ലിസ്യു മഠത്തില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിന്റെ ഗതി സിസ്റ്റര്‍ അഭയയുടെ മരണത്തിന്റെ വഴിയിലേയ്ക്ക്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് കാല്‍നൂറ്റാണ്ടും കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. ഇതേ സാഹചര്യത്തില്‍ പാലായില്‍ മഠത്തിനുള്ളില്‍ ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടതോടെയാണ് സിസ്റ്റര്‍ അഭയയുടെ മരണം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.
രണ്ടു മരണങ്ങളിലും സാമ്യങ്ങളേറെയാണെന്നതും രണ്ടിലും സഭ പ്രതിക്കൂട്ടിലാകുന്നു എന്നതും സമൂഹത്തിന്റെ ശ്രദ്ധ ഈ കൊലപാതകങ്ങളിലേയ്ക്കു നീളുന്നതിന്റെ ആക്കം കൂട്ടുന്നു. രണ്ടു മരണങ്ങളിലും സാമ്യങ്ങളും, അന്വേഷണത്തിന്റെ ദിശയും ഏതാണ്ട് ഒരേ പോലെയാണ്. തലയ്ക്കു പിന്നിലേറ്റ മാരകമായ മുറിവാണ് രണ്ടു കേസിലും മരണ കാരണമായിരിക്കുന്നതെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭയ കൊല്ലപ്പെട്ട സംഭവത്തില്‍ അഭയ ആത്മഹത്യ ചെയ്യുകയാണെന്നായിരുന്നു ആദ്യം മുതല്‍ സഭ പറഞ്ഞിരുന്നത്. എന്നാല്‍, സംഭവം കൊലപാതകമാണെന്ന നിഗമനത്തില്‍ രണ്ടു പട്ടക്കാര്‍ക്കും, ഒരു കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
പാലായില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ തലയില്‍ നാലു മുറിവുകളാണ് ഉള്ളത്. തലയുടെ പിന്നില്‍ ചെറിയ മമ്മട്ടി ഉപയോഗിച്ചുള്ള അടിയാണ് മരണ കാരണമെന്നതാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മൂന്നു സെന്റീമീറ്റര്‍ ആഴമുള്ള മുറിവാണ് അമലയുടെ തലയിലുണ്ടായിരിക്കുന്നത്. ഇതിനു സമാനമായ മുറിവാണ് കോട്ടയം നഗരത്തിലെ പയസ് ടെന്‍ത് കോണ്‍വെന്റീല്‍ 1993 ല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയുടെ തലയുടെ പിന്നിലും ഉണ്ടായിരുന്നത്. ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയപ്പോഴാണ് അഭയയുടെ തലയുടെ പിന്നില്‍ മുറിവുണ്ടായതെന്നാണ് ലോക്കല്‍ പൊലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍, തലയ്ക്കു പിന്നില്‍ മാരകമായ രീതിയില്‍ അടിയേറ്റാണ് അഭയ കൊല്ലപ്പെട്ടതെന്നാണ് സിബിഐ പിന്നീട് കണ്ടെത്തിയിരിക്കുന്നത്.
പാലായിലെ കന്യാസ്ത്രീ മഠങ്ങളില്‍ സിസ്റ്റര്‍മാര്‍ നിരന്തരം ആക്രമണത്തിനു വിധേയരാകുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.sister-amala ഈ സംഭവങ്ങള്‍ക്കെല്ലാം സമാന സ്വഭാവമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വിശദമാക്കുന്നു. എന്നാല്‍, ഇതില്‍ ഒന്നില്‍ പോലും രേഖാ മൂലം പരാതി നല്‍കാന്‍ മഠം അധികൃതര്‍ തയ്യാറായിട്ടില്ല. ഇത് സഭയെയും സഭാ അധികാരികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. കന്യാസ്ത്രീ മഠത്തിനുള്ളില്‍ കന്യാസ്ത്രീകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് സഭ ഇത്തരത്തില്‍ മൗനം പാലിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. സഭയുടെ വൈദിക വസ്ത്രം അണിഞ്ഞ അഞ്ചു കന്യാസ്ത്രീമാരാണ് മഠത്തിനുള്ളില്‍ രണ്ടു മാസനത്തിനിടെ ആക്രമിക്കപ്പെട്ടത്. രണ്ടു കന്യാസ്ത്രീമാര്‍ ആക്രമണത്തെ തുടര്‍ന്നു കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം രഹസ്യമാക്കി വയ്ക്കാനാണ് ഇപ്പോള്‍ സഭാ അധികൃതര്‍ ശ്രമിക്കുന്നത്. ഇത് ഏറെ ദുരൂഹമാണെന്നാണ് പുറം ലോകം നിരീക്ഷിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മഠങ്ങള്‍ക്കു നേരെ വ്യാപകമായി കല്ലേറു നടക്കുന്നതായി സഭാ അധികൃതര്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി ആരോപിച്ചിരുന്നു. ഇത് വ്യാജമാണെന്നും വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. സഭയുടെ സ്ഥാപനങ്ങളില്‍ ഒന്നും പോലും ഇതുവരെ ആക്രമിക്കപ്പെട്ടതായി പരാതിയും ഉയര്‍ന്നിട്ടുമില്ല. ഇതെല്ലാം സംശയത്തില്‍ മുള്‍ മുനയില്‍ സഭയെയാണ് നിര്‍ത്തുന്നത്.

Top