ഈ നാലുവയസുകാരൻ കോടതിയ്ക്കു മുന്നിൽ കൊടും കുറ്റവാളി; നാലു കൊലപാതകങ്ങളും എട്ടു വധശ്രമങ്ങളും കുറ്റം ചുമത്തി..!

ക്രൈം റിപ്പോർട്ടർ

കെയ്‌റോ: ഈ നാലുവയസുകാരന്റെ കുറ്റകൃത്യങ്ങൾ കേട്ടാൽ ലോകം ഞെട്ടി വിറയ്ക്കും. ലോകത്തു ജീവിക്കാൻ തുടങ്ങിയിട്ടു നാലു വർഷം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഈജിപ്തിലെ അറിയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയിലാണ് ഈ ‘ക്രൂരന്റെ’ സ്ഥാനം. കോടതിയുടെ പിഴവു മൂലം ക്രൂരനായ കുറ്റവാളിയായി മാറിയ നാലുവയസുകാരനാണ് ഇപ്പോൾ ഈജിപ്ഷ്യൻ നീതിന്യായ വ്യവസ്ഥിതിയുടെ നാറുന്ന മുഖം..!
കോടതിയുടെ ഗുരുതരമായ പിഴവുമൂലം നാലു വയസ്സുകാരന് ജീവപര്യന്തമാണ് ലഭിച്ചത്. ഒരു വയസ്സായിരിക്കെ നാലു കൊലപാതകങ്ങൾ ഈ കുരുന്ന് ചെയ്തുവത്രെ. കുറ്റം അതുമാത്രമല്ല, എട്ടു വധശ്രമങ്ങൾ, പൊതുസ്വത്ത് നശിപ്പിക്കൽ, സമാധാനാന്തരീക്ഷം തകർക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ എന്നിവയും അവൻ ചെയ്ത കുറ്റങ്ങളാണ്. അഹ്മദ് മൻസൂർ കർനി എന്ന കുട്ടിയെയാണ് കൈറോ കോടതിയും പൊലീസും ചേർന്ന് കൊടും കുറ്റവാളിയാക്കി ജയിലിലടച്ചത്. കഴിഞ്ഞയാഴ്ചയാണ് കർനിയെ കോടതി ശിക്ഷവിധിച്ചത്. 2014ൽ ഫായം പ്രവിശ്യയിൽ നടത്തിയ കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവനുഭവിക്കുന്ന 115 പേരുടെ കൂടെയാണ് കർനിയെയും തടവിൽ പാർപ്പിച്ചത്. കുറ്റവാളികളുടെ പേരിന്റെ ലിസ്റ്റിൽ അബദ്ധത്തിൽ കർനിയുടെ പേര് ചേർക്കുകയായിരുന്നു.
2012ൽ ജനിച്ച കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് ജഡ്ജിയുടെ മുന്നിൽ കോടതിവൃത്തങ്ങൾ ഹാജരാക്കിയില്‌ളെന്ന് അഭിഭാഷകനായ ഫൈസൽ അൽസെയ്ദ് പറഞ്ഞു. കുട്ടിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷവിധിച്ചത്. ജഡ്ജി കേസ് പൂർണമായും വായിച്ചുനോക്കിയിട്ടുപോലുമില്‌ളെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ, കുട്ടിയെ അല്ല, കുട്ടിയുടെ അമ്മാവനെയാണ് തടവിന് ശിക്ഷിച്ചതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് അബൂ ബക്കർ അബ്ദുൽ കരീം പറഞ്ഞു. കുട്ടിയുടെയും അമ്മാവന്റെയും പേരുകൾ തമ്മിൽ മാറിപ്പോവുകയായിരുന്നുവെന്നും അമ്മാവനായ അഹ്മദ് കർനി അലി ഷറാറ നാലു കേസുകളിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയാണെന്നും ഫായം സുരക്ഷാവിഭാഗം തലവൻ നാസർ അൽ അബ്ദ് പറഞ്ഞു. സംഭവം സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top