തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തായ പത്തൊൻപതുകാരൻ അനീഷ് ജോർജ്ജിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തും മുൻപ് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ പുറത്ത്. ഇതോടെ കൊലപാതകത്തിൽ ദുരൂഹത ഇരട്ടിയായി മാറി.
അനീഷിന്റെ കൊലപാതകത്തിന് മുൻപ് പുലർച്ചെ 3.20ന് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നു. 3.30നായിരുന്നു അനീഷിനെ പെൺകുട്ടിയുടെ അച്ഛൻ ലാലൻ കൊലപ്പെടുത്തിയത്.
തുടർന്ന് 4.30ന് അനീഷിന്റെ അമ്മ തിരികെ വിളിച്ചപ്പോൾ ഫോണെടുത്ത പെൺകുട്ടിയുടെ അമ്മ മകനെക്കുറിച്ച് പൊലീസിൽ ചോദിക്കാൻ പറഞ്ഞതായി വെളിപ്പെടുത്തി. ലാലൻ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്ന് അനീഷിന്റെ ബന്ധുക്കൾ മുൻപ് ആരോപിച്ചിരുന്നു. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് അറിഞ്ഞത്. അനീഷിനെ പെൺകുട്ടിയുടെ മുറിയിൽ നിന്നല്ല കിട്ടിയതെന്നും ബന്ധുക്കൾ പറഞ്ഞു.
രാത്രി സന്തോഷത്തോടെയാണ് മകൻ ഉറങ്ങാൻ കിടന്നതെന്നും സൈമണും കുടുംബവും വിളിച്ചു വരുത്തിയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നുമാണ് അനീഷിന്റെ അമ്മ ഡോളി പറഞ്ഞിരുന്നത്. ലാലൻ പിടിയിലായപ്പോൾ നൽകിയ മൊഴി കളവാണെന്ന് പൊലീസും അറിയിച്ചിരുന്നു.