തിരുവനന്തപുരം: മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ മുസ്ലിംലീഗ് പുച്ഛിക്കുകയാനിന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ അപമാനിക്കുകയും അപഹസിക്കുകയുമാണ്. സമൂഹം ആദരിക്കുന്ന മഹത്തുക്കളെ വലിയതോതിൽ ഇകഴ്‌ത്തിക്കാണിക്കുന്നു. ഇത് ലീഗിനെ എവിടെയെത്തിക്കുമെന്ന് നേതൃത്വം തിരിച്ചറിയണം.
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ലീഗ് തീവ്രവര്‍ഗീയതയുടെ കാര്യത്തിൽ എസ്ഡിപിഐയോട് മത്സരിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കാനാകാത്തതിനാൽ കോൺഗ്രസ് ശോഷിച്ചുവെന്നും ഇത് ലീഗിനും സംഭവിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
മതേതര വിശ്വാസികളെ ലീഗ് പുച്ഛിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരെയും മുഖ്യമന്ത്രി വക രൂക്ഷ വിമർശനമുണ്ട്. പൊയ്മുഖം കാണിക്കാറുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് ആക്ഷേപം. വർഗീയ ശക്തികളോട് സർക്കാർ ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയും ഇത് പഴയ കാലമല്ലെന്ന് ലീഗ് നേതൃത്വം മനസിലാക്കണം. വഖഫ് നിയമം നിയമസഭയിൽ വന്നപ്പോൾ ലീഗ് നേതാവ് എതിർത്തില്ല. നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മുസ്ലീം ലീഗ് തീവ്ര വർഗീയ നിലപാട് ഏറ്റെടുത്തെന്ന് ആവർത്തിച്ച മുഖ്യമന്ത്രി വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കാനാകാത്തതിനാൽ കോൺഗ്രസ് ശോഷിച്ചത് പോലെ ലീഗിനും സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. വ്യക്തിപരമായ ആക്ഷേപങ്ങൾക്കുള്ള മറുപടിയും പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായി. എൻ്റെ അച്ഛനും വഖഫ് ബോർഡ് പിഎസ്‍സിക്കു വിടുന്നതും തമ്മിൽ എന്താണ് ബന്ധമെന്നാണ് മുഖ്യന്‍റെ ചോദ്യം. ചെത്തുകാരൻ്റെ മകൻ എന്നത് അഭിമാനകരമാണ്. അമ്മയേയും പെങ്ങളേയും മുസ്ലീം ലീഗ് തിരിച്ചറിയണം. മുസ്ലീം ലീഗിൽ അണിചേർന്നവരിൽ ഭൂരിഭാഗവും മതനിരപേക്ഷതയുള്ളവരാണെന്നും ഇവർ നേതൃത്വത്തെ തിരുത്താൻ പറ്റുമെങ്കിൽ തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പിണറായി വിജയൻ ആവർത്തിച്ചു. നാടിന് ആവശ്യമുള്ള പദ്ധതി നടപ്പാക്കാനാണ് സർക്കാർ നിൽക്കുന്നത്. കെ റയിൽ നടപ്പാക്കുമ്പോൾ ആരും പ്രയാസപ്പെടേണ്ടി വരില്ല. ദേശീയപാതയുടെ സ്ഥലം ഏറ്റടുത്ത നല്ല മാതൃക കെ റെയിലിലും നടപ്പാക്കും. മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട ബിൽ നിയമസഭയിൽ ചർച്ചയ്‌ക്കുവന്നപ്പോൾ ലീഗ് നേതാവ് എതിർത്തിട്ടില്ല. നിലവിൽ ജോലിചെയ്യുന്നവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പിഎസ്‌സി നിയമനമാകട്ടെ എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ചെയ്‌തത്. വഖഫ് വിഷയത്തിൽ സർക്കാരിന് പ്രത്യേക വാശിയില്ല. പിഎസ്‌സി നിയമനം ആരംഭിച്ചിട്ടില്ല. നിലവിൽ ഉള്ളിടത്ത് നിൽക്കട്ടെ എന്നതാണ് സർക്കാർ നിലപാട്. ധൃതിപ്പെട്ട് നടപ്പാക്കില്ല. എല്ലാവരുമായി ചർച്ചചെയ്‌തുമാത്രമേ തുടർ തീരുമാനമെടുക്കൂ.
സംഘപരിവാർ ഉയർത്തുന്ന വർഗീയതയ്‌ക്ക് ബദലായി ചില ന്യൂനപക്ഷ സംഘടനകൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. അത് നാടിന് ഗുണംചെയ്യില്ല. വർഗീയ കലാപമുണ്ടാക്കി സ്വന്തം ശക്തി വർധിപ്പിക്കാമെന്നാണ് രണ്ടുകൂട്ടരും കരുതുന്നത്. വർഗീയശക്തികളോട് വിട്ടുവീഴ്‌ചചെയ്യാത്ത സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.