മുന്നോക്ക സംവരണത്തില്‍ അസാധാരണ വേഗം. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കി പിണറായി വിജയൻ

കൊച്ചി:സംസ്ഥാനത്ത് മുന്നോക്ക സംവരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് അസാധാരണ വേഗം. മന്ത്രിസഭായോഗം തീരുമാനമെടുത്ത് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴേക്ക് പി.എസ്.സി നിയമനങ്ങളില്‍ ഏതു വിധേനയാണ് മുന്നോക്ക സംവരണം നടപ്പിലാക്കേണ്ടതെന്നതു സംബന്ധിച്ച ചിത്രം വ്യക്തമായിക്കഴിഞ്ഞു.

അതേസമയം പത്ത് ശതമാനം സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എഐസിസി നിലപാട് തന്നെയാണ് കെപിസിസിക്ക് ഉള്ളത്. ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.മുന്നാക്ക വിഭാഗത്തിൽപ്പെട്ട നിരവധി പേർ പല കാരണങ്ങൾകൊണ്ടും അവഗണിക്കപ്പെടുന്നുണ്ട്. അവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകണമെന്ന നിലപാടാണ് തങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും സ്വീകരിച്ചത്. ഇതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നോക്ക സംവരണത്തിനെതിരേ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ വിധി വരാന്‍ കാത്തുനില്‍ക്കാതെയും പിന്നോക്ക, ന്യൂനപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ പാടേ അവഗണിച്ചുമാണ് സര്‍ക്കാര്‍ നടപടികളുമായി അതിവേഗം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം മുന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കാന്‍ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വിസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ധൃതിപിടിച്ച് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

അതേസമയം തന്നെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഈ മാസം 23 മുതല്‍ മുന്നോക്ക സംവരണം പ്രാബല്യത്തില്‍ വന്നെന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്തെ മറ്റൊരു വിഷയത്തിലും ദൃശ്യമാകാത്ത ശുഷ്‌കാന്തിയും വേഗതയുമാണ് മുന്നോക്ക സംവരണത്തിലെ സര്‍ക്കാര്‍ നടപടികളില്‍ പ്രകടമാകുന്നത്.

മുന്നോക്ക സംവരണം എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നെന്നും ദേവസ്വം നിയമനങ്ങളില്‍ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ലാതിരുന്നതിനാല്‍ നേരത്തെ തന്നെ മുന്നോക്ക സംവരണം നടപ്പാക്കാനായെന്നുമുള്ള മുഖ്യമന്തിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ സര്‍ക്കാരിന്റെ അമിത താല്‍പര്യം വ്യക്തമാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ഡിസംബര്‍ 31ന് ജസ്റ്റിസ് ശശിധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചപ്പോഴും ദിവസങ്ങള്‍ക്കുള്ളില്‍, ജനുവരി മൂന്നിനു തന്നെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു.അതിനിടെ മുന്നോക്ക സംവരണത്തില്‍ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അസ്ഥാനത്തല്ലെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം. നൂറു പേരെ നിയമിക്കുമ്പോള്‍ അതിലെ 9, 19, 29, 39, 49, 59, 69, 79, 89, 99 ഊഴങ്ങള്‍ മുന്നോക്ക സംവരണ വിഭാഗങ്ങള്‍ക്കു നല്‍കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.സംവരണേതര വിഭാഗത്തില്‍ നിന്നുള്ള 10 ശതമാനമാണ്

മുന്നോക്ക വിഭാഗങ്ങള്‍ക്കു നല്‍കുകയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും നടപ്പാക്കുന്നത് അങ്ങനെയല്ലെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു.100 പേരെ നിയമിക്കുമ്പോള്‍ 50 സംവരണേതര സ്ഥാനങ്ങളുടെ 10 ശതമാനം, അഥവാ അഞ്ചു സ്ഥാനങ്ങള്‍ മാത്രമാണ് മുന്നോക്ക വിഭാഗങ്ങള്‍ക്കു നല്‍കേണ്ടത്. എന്നാല്‍ 100 പേരെ നിയമിക്കുമ്പോള്‍ 100 സ്ഥാനങ്ങളുടെയും 10 ശതമാനമെന്ന നിലയ്ക്ക് മുന്നോക്ക സംവരണം കണക്കാക്കുമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ കേരളാ സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വിസസ് ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

Top