കാസര്‍ഗോഡ് മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുസ്ലീം സംഘടനകള്‍ക്കും ജനാധിപത്യ പ്രവര്‍ത്തകര്‍ക്കും അതൃപ്തി. കൊല നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ പിടിക്കാന്‍ പോലീസിന് സാധിച്ചു എങ്കിലും സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് പരാതി.
മദ്യാസക്തിയില്‍ ചെയ്ത കൊലപാതകമാണെന്ന തരത്തില്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മുസ്‌ലീംലീഗും, വെല്‍ഫയര്‍പാര്‍ട്ടിയും, എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നത് സര്‍ക്കാരിനെതിരെ തിരിയുന്നു. കേസിലെ ഗൂഢാലോചന കണ്ടത്താനും സംഘപരിവാറിന്റെ ആസൂത്രണം വെളിപ്പെടുത്താനും പൊലീസ് തയാറാവുന്നില്ലെന്നാണ് പ്രധാന ആരോപണം. നേരത്തെ മലപ്പുറത്തെ യാസിര്‍ വധക്കേസും, ഫൈസല്‍ വധക്കേസും ദുര്‍ബലപ്പെടുത്തിയപോലെ പൊലീസ് ഈ കേസിലും ഒത്തുകളിക്കയാണ് ഇത്രയും പ്രമാദമായ കേസില്‍ വേണ്ടത്ര വകുപ്പുകള്‍ ചുമത്തിയില്ല എന്നും പരാതി ഉയരുന്നുണ്ട്.
കാസര്‍കോട് കൊലയുടെ അന്വേഷണ റിപ്പോര്‍ട്ട് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് മുസ്‌ലീം സഹയാത്രികരായ അഭിഭാഷകള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. വര്‍ഗീയകലാപം അഴിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍തന്നെ, പ്രതികള്‍ സംഭവത്തിനുമുമ്പ് മാര്‍ച്ച് 18ന് മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നും ശേഷം മൗലവിയെ കൊലപ്പെടുത്താന്‍ പോകും മുമ്പും മദ്യപിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കേസിനെ ദുര്‍ബലപ്പെടുത്തും. പ്രതികള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയുന്നത് പ്രതികള്‍ പറഞ്ഞതുകൊണ്ടാണെന്ന് വ്യക്തമായിരിക്കെ മദ്യത്തെ റിപ്പോര്‍ട്ടിലേക്ക് കൊണ്ടുവന്നത് പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.
കേസില്‍ യു.എ.പി.എ വകുപ്പ് ചേര്‍ക്കാത്തതും ചര്‍ച്ചയാകുന്നുണ്ട്. പ്രതികള്‍ വര്‍ഗീയകലാപമുണ്ടാക്കാനുള്ള ശ്രമംനടത്തിയെന്ന് അന്വേഷണസംഘംതന്നെ വെളിപ്പെടുത്തിയ കേസില്‍ യു.എ.പി.എ പോലുള്ള വകുപ്പ് ചേര്‍ക്കാതെ പ്രതികളെ റിമാന്‍ഡ് ചെയ്തതാണ് ചര്‍ച്ചക്ക് വഴിവെച്ചത്. വര്‍ഗീയവിദ്വേഷം മാത്രം കാരണമായ കൊലപാതകം വഴി സൃഷ്ടിച്ചത് ഭീകരാന്തരീക്ഷമാണ്. പ്രത്യേക വിഭാഗത്തില്‍പെട്ടയാളെ കൊല്ലുകയെന്ന ലക്ഷ്യംവെച്ച് നീങ്ങുകയായിരുന്നു പ്രതികള്‍. പള്ളിക്ക് മുന്നിലെത്തി കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ സംഭവം ആരും കാണാതിരുന്നതിനാല്‍ യു.എ.പി.എ ആവശ്യമില്ല എന്ന നിലപാടിലാണ് അന്വേഷണസംഘം.
യു.എ.പി.എ വകുപ്പ് 15 പ്രകാരം ചൂരിയില്‍ മദ്രസാധ്യാപക നടന്നത് ഭീകരാക്രമണമാണെന്ന് വിലയിരുത്താവുന്നതാണ്. കേസില്‍ ഗൂഢാലോചനവകുപ്പും ചേര്‍ത്തിട്ടില്ല. കൊലക്ക് പ്രേരണയാകുന്നതരത്തില്‍ നടന്ന ബിജെപി നേതാവിന്റെ പ്രസംഗം അന്വേഷണപരിധിയില്‍ കൊണ്ടുവന്നിട്ടില്ലെന്നും മുസ്‌ലീ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോളിളക്കം സൃഷ്ടിച്ച യാസര്‍ വധക്കേസിന് സമാനമായ അവസ്ഥയാണ് ഇപ്പോഴും ഉണ്ടാകുകയെന്ന് ഈ സംഘടനകളെ അനുകൂലിക്കുന്ന നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
1998 ഓഗസ്റ്റ് 17ന് മതംമാറി യാസിറായ സ്വര്‍ണപ്പണിക്കാരന്‍ അയ്യപ്പനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊല്ലുന്നത് കൂടെയുണ്ടായിരുന്ന ഇസ്‌ലാമിലേക്ക് മാറിയ സുഹൃത്ത് അബ്ദുല്‍ അസീസ് നേരിട്ടുകണ്ടതാണ്. പ്രതികളായ മുഴുവന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും, വിചാരണകോടതി വെറുതെവിട്ടത് റദ്ദാക്കിയാണ് കേരള ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിച്ചത്. കേസില്‍ വിചാരണക്കോടതിയെയും പൊലീസിനെയും അതിരൂക്ഷമായി ഹൈക്കോടതി വിമര്‍ശിക്കയും ചെയ്തു. എന്നാല്‍ ഈ കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ പരിചയ സമ്പന്നനായ അഭിഭാഷകനെപ്പോലും ഇറക്കിയില്ല.ആര്‍.എസ്.എസ് നിയോഗിച്ച മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനെ പ്രതിരോധിക്കാന്‍ പുതുതായി ചുമതലയേറ്റ സ്റ്റാന്‍ഡിങ് കോണ്‍സലിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കേരള ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആസൂത്രകനായ നേതാവ് അടക്കമുള്ള മുഴുവന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും വെറുതെ വിട്ടു.
മലപ്പുറം കൊടിഞ്ഞിയില്‍ മതംമാറി ഫൈസല്‍ എന്ന പേര് സ്വീകരിച്ച അനില്‍കുമാറിനും നാലുമാസം മുമ്പ് സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്.. ഫൈസല്‍ വധത്തില്‍ കോടതിയില്‍ ഹാജരാക്കിയ മുഴുവന്‍ പ്രതികളെയും ജാമ്യത്തിലൂടെ ജയില്‍മോചിതരാക്കുകയാണെന്ന് മഞ്ചേരി വിചാരണകോടതി വിധിച്ചു. ”കൊലപാതകം നടന്ന് 80 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയാകാത്തത് പ്രതികളുടെ കുറ്റമല്ല” എന്നുപറഞ്ഞാണ് മഞ്ചേരി കോടതിയുടെ ഉത്തരവ്. ആര്‍.എസ്.എസ് ആസൂത്രണംചെയ്ത കൊലപാതകമല്ല ഇതെന്ന് വരുത്താനാണ് കൊടിഞ്ഞിയിലും കാസര്‍കോട്ടും കേരള പൊലീസിന്റെ ശ്രമം. ഫൈസലിന്‍േറത് ഭാര്യാസഹോദരനുമായി ബന്ധപ്പെട്ട ഒരു കുടുംബവിഷയമാണെന്ന് വരുത്തുമ്പോള്‍ കാസര്‍കോട്ടെ റിയാസ് മൗലവിയുടേത് മദോന്മത്തരായ മൂന്ന് ചെറുപ്പക്കാരുടെ വിക്രിയയാക്കി മാറ്റാനാണ് നോക്കുന്നതെന്നും മുസ്‌ലം സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു.
കാസര്‍ഗോട് റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ പൊലീസ്ഭാഷ്യം ദുരൂഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേരും ബിജെപി പ്രവര്‍ത്തകരാണ്. അവര്‍ ഒന്നിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമല്ലെന്നും മദ്യലഹരിയില്‍ നടത്തിയതാണെന്നുമാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച ബൈക്കിലാണ് പ്രതികള്‍ വന്നതും. ഒരേപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേര്‍ സംഘംചേര്‍ന്ന് മദ്യപിച്ച് പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ ഒരാളെ കൊല്ലുമെന്ന കഥ ആരും വിശ്വസിക്കില്ല. ഇത്തരത്തിലാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതെങ്കില്‍ പ്രതികള്‍ക്ക് എളുപ്പം രക്ഷപ്പെടാനാവും.
സാമുദായികധ്രുവീകരണം ലക്ഷ്യംവെച്ച് നടത്തിയ കൊലയുടെ ആസൂത്രകരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും രക്ഷപ്പെടുത്താന്‍ പൊലീസ് വഴിയൊരുക്കുകയാണ്. സംഘ്പരിവാറിനെ സഹായിക്കുന്ന സമീപനമാണ് പൊലീസിന്റെ തലപ്പത്തുള്ളവര്‍ക്ക്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ദുര്‍ബലമായ കുറ്റപത്രമാണ്. അതിലും ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പിണറായി വിജയന്‍ തന്നെ ആഭ്യന്തരവകുപ്പ് ഭരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. പൊലീസിന്റെ തലപ്പത്ത് ബെഹ്‌റയെ നിയമിച്ചശേഷമുള്ള നടപടികളെല്ലാം ദുരൂഹമാണ്. മൗലവിയുടെ കൊലയിലേക്ക് നയിച്ച സംഭവങ്ങളുടെ വസ്തുത പുറത്തുകൊണ്ടുവന്ന് സംഘപരിവാറിന്റെ ഗൂഢപദ്ധതികളെ തകര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.