തിരുവനന്തപുരം: നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാനുള്ള നടപടികളുമായി എക്‌സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദന്‍. മന്ത്രിയുടെ ഓഫീസില്‍ നവമാധ്യമസംഘത്തിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 1,70,000 രൂപ പൊതുഭരണ വകുപ്പ് അനുവദിച്ചു.
പ്രധാനപ്പെട്ട വകുപ്പുകളാണ് മന്ത്രി കൈകാര്യം ചെയ്യുന്നത്. എന്നിട്ടും മന്ത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തിനാലാണ് നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള തീരുമാനമെന്നാണ് വിവരങ്ങള്‍.
ലക്ഷങ്ങള്‍ ചെലവാക്കി മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണം ഏറെ വിവാദമായി നില്‍ക്കേയാണ് മുതിര്‍ന്ന സിപിഎം നേതാവ് എം.വി.ഗോവിന്ദനും നവമാധ്യപ്രചാരണത്തില്‍ ശക്തമായി ഇടപെടല്‍ നടത്താനായി ഇറങ്ങുന്നത്.
എക്‌സൈസ്-തദ്ദേശ സ്വയംഭരണ തുടങ്ങി രണ്ടു പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും മന്ത്രിക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ലെന്നാണ് ഓഫീസിന്റെ വിലയിരുത്തല്‍. അതാണ് പുതിയ ട്രെന്‍ഡിലേക്ക് ശക്തമായ ചുവടുവയ്ക്കാനുള്ള നീക്കം.
നവമാധ്യമ ഇടപെടലിനായി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് കുറച്ചു പേരെ നിയോഗിച്ചിരുന്നു. എന്നിട്ടും വകുപ്പിന്റെ പ്രചാരണം പോരെന്നാണ് വിലയിരുത്തല്‍ ഇതേ തുടര്‍ന്നാണ് നവമാധ്യമ സംഘത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രി പൊതുഭാരണവകുപ്പിനോട് ആവശ്യപ്പെട്ടത്.
പ്രത്യേക മുറി തന്നെ ഇവര്‍ക്കായി തയ്യാറാക്കുകയാണ്. എ.സിയും ഇലക്ട്രിക്കല്‍ പോര്‍ട്ടലുകളും വാങ്ങാനാണ് 1,70,000രൂപ അനുവദിച്ചിരിക്കുന്നത്. സ്റ്റാഫിലുള്ള 23 പേരില്‍ മൂന്നു പേരെ സമൂഹമാധ്യമ ഇടപെടലിനായാണ് ചുമതലപ്പെടുത്തിയത്.
ഇനി സിഡിറ്റ് വഴിയോ നേരിട്ടോ കൂടുതല്‍ പേരെ മന്ത്രി ഓഫീസിലേക്ക് നവമാധ്യ സെല്ലിലേക്കോ നിയമിക്കുമോയെന്നാണ് അറിയേണ്ടത്. പാര്‍ട്ടിക്കായി നവമാധ്യമങ്ങളില്‍ ഇടപെട്ട് കുറച്ചുകൂടി പരിചയം ഉള്ളവരെയും കൊണ്ട് വരാനും നീക്കമുണ്ട്.
മന്ത്രിക്ക് കൂടുതല്‍ പിന്തുണയും, ആക്ഷേപങ്ങള്‍ക്ക് പ്രതിരോധവും തീര്‍ക്കാനാണ് എല്ലാ സജീകരണങ്ങളോടും കൂടിയുള്ള സംവിധാനങ്ങള്‍ വരുന്നത്.