കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു. മെഡിക്കല്‍ സംഘം നാദിര്‍ഷയെ പരിശോധിച്ചു.ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിനു മുന്നിൽ ഹാജരായ നാദിർഷായുടെ ആരോഗ്യനില മോശമായതിനെത്തുടർന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാൻ നാദിർഷായോട് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽ ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ നാദിർഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പൊലീസ്.
അതിനിടെ, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യപ്രതി എൻ.എസ്. സുനിൽകുമാർ (പൾസർ സുനി) ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. കേസിൽ ഏപ്രിൽ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ റിമാൻഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ കുടുക്കിയതാണെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും ഹർജിയിലുണ്ട്.
അറസ്റ്റിലായ ശേഷം അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും നിഷേധിച്ചു. ഏഴു പ്രതികൾക്കുമെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷം നൽകിയ ജാമ്യാപേക്ഷയും മജിസ്ട്രേട്ട് കോടതി തള്ളി. പിന്നീട്, കഴിഞ്ഞ 11ന് എറണാകുളം സെഷൻസ് കോടതിയും ജാമ്യഹർജി തള്ളിയതിനാലാണു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17നു തൃശൂരിൽനിന്നു കൊച്ചിയിലേക്കു കാറിൽ വരികയായിരുന്ന നടിയെ സുനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഉപദ്രവിച്ചുവെന്നാണു കേസ്.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ വാദം പൂർത്തിയാക്കിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയാൻ മാറ്റി വച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്.
നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്. കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടിയിട്ടുമുണ്ട്.
അതിനിടെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിത ദിലീപിനെ ജയിലിൽ സന്ദർശിച്ചു. വൈകിട്ട് നാലുമണിയോടെയായിരുന്നു കെപിഎസി ലളിത ആലുവ സബ് ജയിലിൽ എത്തിയത്.
നടൻ ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.