നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കാഡല്‍ സഹതടവുകാരനെ മര്‍ദ്ദിച്ചതായി പരാതി. പരിശോധനയില്‍ കാഡലിനു മാനസികാസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയതെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. നേരത്തെ ജയില്‍ ജീവനക്കാരനെയും മര്‍ദ്ദിച്ചതായി വാര്‍ത്തവന്നിരുന്നു.
ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കാഡല്‍ തിങ്കളാഴ്ച രാത്രി ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു സഹതടവുകാരനെ മര്‍ദിച്ചെന്നാണു ജയില്‍ അധികൃതര്‍ പറയുന്നത്. പ്രതിയുടെ മാനസികാരോഗ്യം മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു കോടതി ഇതുവരെ പരിഗണിച്ചിരുന്നില്ല. മേയ് ആറിനു ഇത് കോടതി പരിഗണിക്കും. അതിനിടെയാണ് ഈ സംഭവം.
മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെയിന്‍സ് കോമ്പൗണ്ട് 117ല്‍ ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരാണ് മരിച്ചത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ശുചിമുറിയില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.