തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ പൊതുവേദിയില്‍ അപമാനിച്ച നടന്‍ രാധാ രവിക്കെതിരെ തമിഴ് സിനിമാ രംഗത്തെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നയന്‍താര കേന്ദ്ര കഥാപാത്രമായ് എത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രാധാ രവിയുടെ നടിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ പ്രതികരിച്ച് തമിഴ് സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മലയാളി യുവാവ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് നയന്‍താരയ്‌ക്കെതിരെ നടന്‍ ജഗതി ശ്രീകുമാര്‍ നടത്തിയ മോശമായ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയാണ് ജെനു ജോണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
നേരത്തെ നയന്‍താരയെ നടന്‍ ജഗതിയും ഇതിലും മോശമായി അധിക്ഷേപിച്ചിട്ടുണ്ട്. ഒരു കോളേജ് ഫങ്ഷനില്‍ വെച്ചാണ് ജഗതി നടിയെക്കുറിച്ച് മോശമായി സംസാരിച്ചത്. അന്ന് നയന്‍താരയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ജഗതി നല്‍കിയ ഉത്തരം ഇങ്ങനെ ആയിരുന്നു ‘ഒരു സുന്ദരി ജീവിക്കാന്‍ വേണ്ടി സിനിമയില്‍ വന്നു. കേരളത്തില്‍ ആണേല്‍ സാരി ഉടുക്കും, കേരളം വിട്ടാല്‍ ജെട്ടി ഇടും’. അന്ന് അതിനെ മലയാളികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഇന്ന് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന സഹപ്രവര്‍ത്തകരുടെയോ നാട്ടുകാരുടെയോ സപ്പോര്‍ട്ട് അന്ന് നയന്‍താരയ്ക്ക് സ്വന്തം നാട്ടില്‍ കിട്ടിയിരുന്നില്ല. സിനിമയിലെ പോലെ ജീവിതത്തിലും പരമ രസികന്‍ ആയി ജഗതി വാഴ്ത്തപ്പെട്ടു. പ്രസംഗങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചു ആളുകളെ സന്തോഷിപ്പിക്കുന്നത് ജഗതിയുടെ സ്ഥിരംപരിപാടി ആയിരുന്നു ജെനു ജോണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തമിഴ് നടന്‍ രാധ രവിയുടെ നയന്‍താരയ്ക്ക് എതിരെയുള്ള ലൈംഗിക അധിക്ഷേപ പരാമര്‍ശം വിവാദം ആയിരിക്കുകയാണ്. ഇന്ന് നയന്‍താരയെ പോലെയുള്ള നടി ആണ് സീത ആയി അഭിനയിക്കുന്നത് പണ്ട് കെ.ആര്‍.വിജയയെ പോലെ മുഖത്ത് നോക്കിയാല്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുന്ന നടിമാരാണ് സീതയായി അഭിനയിച്ചിരുന്നത് എന്ന പരാമര്‍ശമാണ് വിവാദം ആയത്. ഈ വിഷയത്തില്‍ രാധ രവിക്ക് എതിരെയും നയന്‍താരയ്ക്ക് സപ്പോര്‍ട്ടും ആയി സഹപ്രവര്‍ത്തകരും മറ്റു പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ട് , വളരെ നല്ല കാര്യമാണത്.
ഇനി കേരളത്തിലേക്ക് വരാം. ഇതേ നയന്‍താരയെ പണ്ടും മലയാളത്തിലെ പ്രമുഖ നടന്‍ ഇതിലും മോശമായി അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍ ആണ് ആ നടന്‍. ഒരു കോളേജ് ഡേ ഫംഗ്ഷനില്‍ സ്റ്റേജില്‍ സംസാരിക്കുകയാണ് ജഗതി. വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കും , സദസിനെ കൈയില്‍ എടുക്കാനുള്ള കൈയടി മേടിക്കാനുള്ള ഉത്തരങ്ങള്‍ ആണ് നല്‍കുന്നത്. സ്വാഭാവികമായും ചോദ്യങ്ങള്‍ മലയാളത്തിലെ ഇഷ്ടതാരങ്ങളെ കുറിച്ചുള്ള ജഗതിയുടെ അഭിപ്രായങ്ങളാണ്. സൂപ്പര്‍താരങ്ങളെ കുറിച്ചൊക്കെ വാതോരാതെ പുകഴ്ത്തി സംസാരിച്ചു എല്ലാവരെയും കോരിത്തരിപ്പിച്ചു ഇദ്ദേഹം. ഒടുവില്‍ നയന്‍താരയെ കുറിച്ചുള്ള അഭിപ്രായം ഒരാള്‍ ചോദിച്ചു. ഉത്തരം അങ്ങേയറ്റം മ്ലേച്ചമായിരുന്നു. ‘ ഒരു സുന്ദരി. ജീവിക്കാന്‍ വേണ്ടി സിനിമയില്‍ വന്നു. കേരളത്തില്‍ ആണേല്‍ സാരി ഉടുക്കും , കേരളം വിട്ടാല്‍ ജെട്ടി ഇടും. ‘ ഈ ഉത്തരം കരഘോഷങ്ങളോടെ ആണ് സ്വീകരിക്കപ്പെട്ടത്. ഇന്ന് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന സഹപ്രവര്‍ത്തകരുടെയോ നാട്ടുകാരുടെയോ സപ്പോര്‍ട്ട് അന്ന് നയന്‍താരയ്ക്ക് സ്വന്തം നാട്ടില്‍ കിട്ടിയില്ല. സിനിമയിലെ പോലെ ജീവിതത്തിലും പരമരസികന്‍ ആയി ജഗതി വാഴ്ത്തപ്പെട്ടു.
പ്രസംഗങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചു ആളുകളെ സന്തോഷിപ്പിക്കുന്നത് ജഗതിയുടെ സ്ഥിരം പരിപാടി ആയിരുന്നു. മറ്റൊരു അവസരത്തില്‍ അദ്ദേഹം പറഞ്ഞത് ടിവി ചാനലില്‍ ത്രികോണഷേപ്പില്‍ ഒരു കര്‍ചീഫ് മടക്കി ഒരിടത്ത് വെച്ചിട്ട് ബാക്കി മേനി പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു അവതാരക സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുക ആണെന്ന്. ഈ പറഞ്ഞത് ആളുകളെ സന്തോഷിപ്പിക്കാന്‍ ജഗതിയുടെ അധഃപതിച്ച സങ്കല്പങ്ങളില്‍ നിന്നും ഉണ്ടാക്കി പറഞ്ഞതാണെന്ന് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. പ്രസംഗങ്ങളില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ മോശം ഭാഷയില്‍ വിമര്‍ശിക്കുന്നതിനൊപ്പം അവരുടെ ശരീരഭാഗങ്ങളെ കുറിച്ച് കമന്റടിക്കുകയും വര്‍ണ്ണിക്കുകയും ചെയ്തിരുന്നു ജഗതി. പ്രേക്ഷകരൊക്കെ അതിനെ ചിരിയോടെ സ്വീകരിച്ചിരുന്നു എന്ന് പറയുമ്പോള്‍ ഇന്ന് മാറ്റം വന്നിട്ടുണ്ട് വിചാരം ഉണ്ടായേക്കാം , ജഗതിയുടെ ഇതുപോലെ ഉള്ള അനേകം പ്രസംഗങ്ങള്‍ യൂട്യൂബില്‍ ഉണ്ട് ,അതിലെ ഇന്നുവരുന്ന കമന്റുകള്‍ അടക്കം അദ്ദേഹം വളരെ നന്നായി സംസാരിക്കുന്ന മികച്ച നിലപാട് ഉള്ള ആളാണ് എന്ന നിലയിലാണ്.
ജഗതി എന്ന നടന്‍ ആഘോഷിക്കപ്പെടട്ടെ ഒരു എതിര്‍പ്പുമില്ല , അത് അര്‍ഹിക്കുന്നു. എന്നാല്‍ ആ പേരില്‍ ജഗതി എന്ന സ്ത്രീവിരുദ്ധനും ഹിപ്പോക്രൈറ്റും ആഘോഷിക്കപ്പെടേണ്ടതില്ല. മലയാളി നടിക്ക് തമിഴില്‍ കിട്ടുന്ന ഈ പിന്തുണ വൈകി ആയാലും മലയാളത്തിലും ലഭിക്കേണ്ടതാണ് . മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ പോലും ഓണ്‍സ്‌ക്രീനിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന കാലത്ത് മലയാള പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഈ നടന്റെ നിലപാടുകളും വിമര്‍ശിക്കപ്പെടേണ്ടതാണ്. മലയാളി സ്ത്രീകളെ എവിടെ മൈക്ക് കിട്ടിയാലും വസ്ത്രധാരണവും സദാചാരവും പഠിപ്പിക്കുന്ന ജഗതി അതിന്റെ കൂടെ ചേര്‍ത്ത് പറഞ്ഞിരുന്ന ഒരു ഡയലോഗ് ഉണ്ട് ‘ഞാനും രണ്ടു കുട്ടികളുടെ അച്ഛനാണ്’ . സ്വന്തം കുട്ടികളുടെ എണ്ണത്തിന്റെ കാര്യം പരസ്യമായി പറയാന്‍ ധൈര്യമില്ലാത്ത വ്യക്തിയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ കേറി ജഡ്ജ്‌മെന്റുകള്‍ നടത്തിയിരുന്നത് എന്ന് ഓര്‍ക്കണം. ഇദ്ദേഹം അഭിനയിച്ചിരുന്ന കാലത്തു ആണ് നടി ആക്രമിക്കപ്പെട്ടിരുന്നേല്‍ ആരോടൊപ്പം നിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. എന്തിനേറെ പറയുന്നു ജഗതിയുടെ ബന്ധു കൂടി ആയ മറ്റൊരു സ്ത്രീവിരുദ്ധന്‍ പി.സി.ജോര്‍ജിന്റെ നിലപാടുകള്‍ ഓരോ വിഷയത്തിലും നമ്മള്‍ കണ്ടതാണ്.
ജഗതി എന്ന നടന്റെ അഭിനയശേഷിക്ക് യാതൊരു കോട്ടവും തട്ടാതെ തന്നെയുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു വേദിയിലും സംസാരിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ മുന്‍പ് പറഞ്ഞിട്ടുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയേണ്ടതാണ്. ഒരു വ്യക്തിയുടെ കലാപരമായ കഴിവുകളെ പ്രശംസിക്കുന്നതിനു ഒപ്പം തന്നെ ആ കലാജീവിതം കൊണ്ട് ലഭിക്കുന്ന വേദികള്‍ മനുഷ്യത്വരഹിതമായി എന്തും വിളിച്ചുപറയാന്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കാനും പ്രേക്ഷകരും സഹപ്രവര്‍ത്തകരും ഉത്തരവാദിത്തം കാണിക്കേണ്ടതാണ്.