കൊച്ചി :ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസിന്റെ ഇടത് മുന്നണി പ്രവേശനവും എൻസിപി ക്ക് ലോക്സഭയിൽ മൽസരിക്കാൻ ഒരു സീറ്റും ലക്ഷ്യമിട്ട് കേരളാ കോണ്‍ഗ്രസ് ബിയുമായുള്ള ലയനത്തിന് തുടക്കം .ലയനത്തിന് എൻ സി പി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതോടെയാണ് എന്‍സിപി നേതൃത്വം ലയന ചര്‍ച്ച സജീവമാക്കിയത് . ചര്‍ച്ചയ്ക്ക് ദേശീയ നേതൃത്വം പച്ചക്കൊടി കാണിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന്‍ മാസ്റ്ററും സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടിയും അറിയിച്ചു. ബുധനാഴ്ച ചേരുന്ന എന്‍സിപി സംസ്ഥാന ജനറല്‍ബോഡി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
തോമസ് ചാണ്ടിയും പി.ശശീന്ദ്രനും മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍ മന്ത്രിപദവിക്കായി പാര്‍ട്ടിക്ക് മറ്റൊരു എംഎല്‍എ ഇല്ലാത്ത ഘട്ടത്തിലായിരുന്ന ലയന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ടി.പി.പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് അന്ന് ലയനനീക്കങ്ങള്‍ നടന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് നീക്കത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങി.
എന്നാല്‍, ഇപ്പോള്‍ എല്‍ഡിഎഫ് പ്രവേശനത്തിന് എളുപ്പവഴി എന്ന രീതിയില്‍ ആര്‍. ബാലകൃഷ്ണപിള്ളയാണ് ചര്‍ച്ചക്ക് മുന്‍കൈയെടുത്തിരിക്കുന്നത്. യുഡിഎഫ് ബന്ധം വിച്ഛേദിച്ചെത്തിയ ആര്‍. ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫുമായി സഹകരിപ്പിച്ചിരുന്നെങ്കിലും മുന്നണിയിലെടുത്തിരുന്നില്ല. നിലവില്‍ മുന്നണിയിലുള്ള ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണമെന്ന് സിപിഎമ്മിന്റെ നിര്‍ദേശവുമുള്ളതായാണ് വിവരം.
അതേസമയം എന്‍സിപിയിലെ ഒരു വിഭാഗത്തിന് ലയനത്തോട് താത്പര്യമില്ലെന്നാണ് അറിയുന്നത്. ലയിച്ചാല്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. പിള്ള ഗ്രൂപ്പിനെ കൂടെ ചേര്‍ത്താല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന് അവകാശമുന്നയിക്കാമെന്ന് പീതാംബരന്‍ മാസ്റ്റര്‍ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.