മുംബൈ:കർ ‘നാടക നാടകം പോലെ തന്നെ തനിയാവർത്തനമാവുകയാണ് മഹാരാഷ്ട്ര നാടകവും.സിനിമകളെ പോലും വെല്ലുന്ന രാഷ്ട്രീയ ട്വിസ്റ്റുകളാണ് മഹാരാഷ്ട്രയില്‍ നിമിഷ നേരങ്ങള്‍ കൊണ്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് സര്‍ക്കാരിന്റെ രൂപീകരണത്തിന് ആധാരമായ രേഖകള്‍ നാളെ രാവിലെ പത്തരയ്ക്ക് മുമ്പ് ഹാജരാക്കാനാണ് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരിക്കയാണ് ഇന്നുതന്നെ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ശിവസേന– എന്‍.സി.പി–കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം കോടതി തളളി. ഇതോടെ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചു.ഇന്ന് വിശ്വാസവോട്ടെടുപ്പ് ഇല്ലെന്ന കോടതി വിധി ബിജെപിക്ക് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അല്‍പംകൂടി സമയം നൽകുന്നതാണ്. എന്നാൽ കത്തുകള്‍ ഹാജരാക്കല്‍ അതിനിര്‍ണായകമാണ്, അതിൽ ഭൂരിപക്ഷം ഉള്‍പ്പെടെ വ്യക്തമാകും. അതേസമയം ഹോട്ടലുകളില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സേന എംഎല്‍എമാര്‍ തമ്പടിക്കുകയാണ്. ബിജെപി ക്യാമ്പിൽ നിന്ന് ഒരു എൻസിപി എംഎൽഎയും കൂടി ശരത്ത് പവാർ ക്യാമ്പിൽ എത്തി. അതിനിടെ അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സുപ്രിയ സുളെ അജിത്തിന്റെ സഹോദരനെ വിളിച്ചിരുന്നു.
ത്രികക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഏറാന്‍ അവാസന നീക്കം നടത്തവെയായിരുന്നു അപ്രതീക്ഷിതമായി അജിത് പവാറിന്‍റെ പിന്തുണയോടെ ബിജെപി ശനിയാഴ്ച അധികാരത്തിലേറുന്നത്. എന്‍സിപിയിലെ പകുതിയോളം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു അജിതും ബിജെപിയും അവകാശപ്പെട്ടത്.എന്നാല്‍ വൈകീട്ടോടെ ബിജെപിയുടെ അവകാശവാദത്തെ തള്ളി തങ്ങളുടെ 50 എംഎല്‍എമാരേയും ശരദ് പവാര്‍ പക്ഷം സ്വന്തം പാളയത്തിലേക്ക് എത്തിച്ചു. ഇപ്പോള്‍ ഇതാ അജിത് പവാറിനേയും എന്‍സിപിയിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് എന്‍സിപി.
ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച രാത്രിയോടെ പുറത്തുവന്നിരുന്നു. ഇരുട്ടി വെളുക്കും മുന്‍പായിരുന്നു സഖ്യത്തിന്‍റെ കാലുവാരി അജിത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറിയത്. ശരദ് പവാര്‍ അറിയാതെയായിരുന്നു അജിത് പവാറിന്‍റെ നീക്കം. ഫഡ്നാവിസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.അജിത് പവാറിന്‍റെ അപ്രതീക്ഷിത തിരിച്ചടിയില്‍ പകച്ച എന്‍സിപി പക്ഷേ ശനിയാഴ്ച ഉച്ചയോടെ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വൈകീട്ട് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ 54 എംഎല്‍എമാരില്‍ 50 പേരേയും ശരദ് പവാര്‍ സ്വന്തം പാളയത്തിലേക്ക് മടക്കിയെത്തിച്ചു.അജിത് പവാറിന്‍റെ അടുത്ത അനുയായി ആയ ധനഞ്ജയ് മുണ്ഡേയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെയോടെ യോഗത്തിന് എത്താതിരുന്ന മറ്റൊരു എംഎല്‍എ കൂടി ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങി.ബന്‍ ഷിന്‍ഡെയാണ് ഇന്ന് രാവിലെ ശരദ് പവാറിന്‍റെ വസതിയിലെത്തി പിന്തുണ അറിയിച്ചത്. ഇതോടെ ശരദ് പവാറിനൊപ്പം എന്‍സിപിയിലെ 51 എംഎല്‍എമാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.അതേസമയം തനിക്ക് ഒപ്പമുണ്ടെന്ന് വിശ്വസിച്ചിരുന്ന എംഎല്‍എമാര്‍ എല്ലാവരും മറുകണ്ടം ചാടിയതോടെ അജിത് പവാറും പഴയ കൂടാരത്തിലേക്ക് തന്നെ മടങ്ങാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം ശക്തമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെ എന്‍സിപി എംഎല്‍എ ദീലീപ് വല്‍സെ പാട്ടീല്‍ അജിത് പവാറിന്‍റെ വസതിയില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. പുതിയ നിയമസഭ കക്ഷി നേതാവായ ജയന്ത് പാട്ടീലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിയിരുന്നു.ഉപമുഖ്യമന്ത്രി പദം രാജിവെച്ച് എന്‍സിപിയിലേക്ക് മടങ്ങണം എന്നാണ് എന്‍സിപി നേതാക്കള്‍ അജിത് പവാറിനോട് ആവശ്യപ്പെട്ടത്. അജിത് പവാറിന് മുന്നില്‍ എന്‍സിപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു.
ബിജെപിക്കൊപ്പം പോയ എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത അഞ്ച് എംഎല്‍എമാരേയും തിരികെ ക്ഷണിക്കുകയാണെന്നും ജയന്ത് വ്യക്തമാക്കി. അജിത് മറുകണ്ടം ചാടിയതോടെയാണ് ജയന്തിനെ എന്‍സിപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
അതേസമയം ബിജെപി എംപി സഞ്ദയ് കാക്കറെ ശരദ് പവാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കാക്കറെ ഉടന്‍ എന്‍സിപിയിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാക്കറെയുടെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കാക്കറെയെുടെ സന്ദര്‍ശനത്തിന് ശേഷമാണ് ശരദ് പവാര്‍ അജിത് പവാറിനെ അനുനയ നീക്കങ്ങള്‍ ശക്തമാക്കിയതെന്നതും നിര്‍ണായകമാണ്. ഭൂരിപക്ഷം തെളിയിക്കാമെന്ന് അതിനിടെ തങ്ങള്‍ക്ക് 165 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേന അവകാശപ്പെട്ടു. ഏത് നിമിഷം വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. ബിജെപി ഇന്നലെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കിയത് തെറ്റായ വിവരങ്ങളാണെന്നും റൗത്ത് ആരോപിച്ചു. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 145 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. തങ്ങള്‍ക്കൊപ്പം 51 എംഎല്‍എമാര്‍ ഉണ്ടെന്നാണ് എന്‍സിപിയുടെ അവകാശവാദം. അതേസമയം തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാവ് ആശിഷ് ഷെലാര്‍ അവകാശപ്പെട്ടു.
അതിനിടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച 10.30 യ്ക്ക് കേസ് വീണ്ടും പരിഗണിക്കും.ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് നല്‍കിയ കത്ത്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് എന്നിവ ഹാജരാക്കാനാണ് ഉത്തരവ്. ഹര്‍ജി സംബന്ധിച്ച വിവരം ഇന്നലെ രാത്രിയാണ് ലഭിച്ചതെന്നും രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടിസ് അയച്ചു. കേസ് നാളെ പത്തരയ്ക്ക് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വീണ്ടും പരിഗണിക്കും.