ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍,അവസരം കളഞ്ഞുകുളിച്ച് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ തര്‍ക്കം തുടരുന്നതിനിടെ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി. കഴിഞ്ഞ നിയമസഭയുടെ കാലാവധി തീർന്നതിനാലും പുതിയ ബിജെപി– ശിവസേനാ സർക്കാർ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്നാവിസ് ഇപ്പോൾ കാവൽ മുഖ്യമന്ത്രിയാണ്.നിലവില്‍ ബിജെപിക്ക് 105 സീറ്റാണ് ഉള്ളത്. 15 സ്വതന്ത്രരുടെ പിന്തുണയും ബിജെപി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത്രയും സീറ്റുകള്‍ ഉണ്ടെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസിന് സാധിക്കില്ല. 145 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ശിവസേന ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെടാനാണ് സാധ്യത. നവംബര്‍ 11ന് രാത്രി എട്ട് മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവസേന ബിജെപിയെ പേടിച്ച് എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. കനത്ത പോലീസ് സുരക്ഷയും ഇതിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവസേനയ്ക്ക് 56 സീറ്റാണ് ഉള്ളത്. സര്‍ക്കാരുണ്ടാക്കാനുള്ള സന്നദ്ധത ഫട്‌നാവിസ് അറിയിച്ചെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം ഇനിയുള്ള 48 മണിക്കൂര്‍ ബിജെപിക്ക് നിര്‍ണായകമാണ്. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ജയ്പൂരിലേക്കാണ് മാറ്റിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായത് കൊണ്ട് ബിജെപിക്ക് ഇവരെ മറുകണ്ടം ചാടിക്കാന്‍ സാധിക്കില്ല. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.


ഏറ്റവും വലിയ കക്ഷി ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് അടുത്തതായി ശിവസേനയെ വിളിക്കാം. പിന്നീട് കൂടുതല്‍ സീറ്റുള്ളത് അവര്‍ക്കാണ്. ഈ സാഹചര്യത്തില്‍ എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് ശിവസേന ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ഫട്‌നാവിസ് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചത്. ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ലെന്നും, കാരണം സ്വന്തം സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള ഭൂരിപക്ഷം പോലും അവര്‍ക്കില്ല. പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ടിനെ എന്തായാലും നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാ സാഹേബ് തോററ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫട്‌നാവിസും ഉദ്ധവ് താക്കറെയും തമ്മില്‍ വലിയ വാക് പോര് നടന്നിരുന്നു. ഉദ്ധവ് നുണ പറഞ്ഞെന്ന് ഫട്‌നാവിസ് പറഞ്ഞപ്പോള്‍, അദ്ദേഹവുമായി ഇനി സംസാരിക്കില്ലെന്നാണ് ഉദ്ധവ് മറുപടി നല്‍കിയത്.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രതിസന്ധിക്കു ശിവസേനയെ രൂക്ഷമായി കുറ്റപ്പെടുത്തിയാണു ഫഡ്നാവിസ് രാജിവച്ചത്. വാക്കു തെറ്റിച്ച ബിജെപി ജനങ്ങളുടെ മുന്നിൽ തന്നെ കള്ളനാക്കാൻ നോക്കുകയാണെന്നും അമിത് ഷായിൽ വിശ്വാസമില്ലെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തുറന്നടിച്ചു.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ്, എൻസിപി നേതാക്കൾ ശരദ് പവാറിന്റെ വസതിയിൽ അടിയന്തര യോഗം ചേരുന്നതിനിടെ, ശിവസേനയുടെ സഞ്ജയ് റാവുത്ത് അവിടെയെത്തിയത് അഭ്യൂഹങ്ങൾക്കു വഴിതുറന്നു. ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ ഹോട്ടലിൽ നിന്നു മലാഡിലെ റിസോർട്ടിലേക്കു മാറ്റി. തങ്ങളുടെ എംഎൽഎമാർക്കായി ബിജെപി വലവിരിച്ചിരിക്കുകയാണെന്നും 50 കോടി രൂപ വരെയാണു വാഗ്ദാനമെന്നും കോൺഗ്രസ് ആരോപിച്ചു.

Top