പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2019 ല്‍ നടന്ന കേസില്‍ ചെന്താമര ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇപ്പോള്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. നിലവിൽ ചെന്താമര ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് നെന്മാറ പൊലീസ് സംഘം.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തൻ്റെ ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പിന്നിൽ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കാട്ടിൽ ഒളിച്ച ഇയാളെ പൊലീസ് അതീവ ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.
രണ്ട് മാസമായി ഇയാൾ നാട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു. ഇയാൾ വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാർഡ് മെമ്പർ മുഖാന്തിരം പൊലീസിലും അറിയിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാർ ഭയന്നത് പോലെ ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടിൽ കയറി വീണ്ടും രണ്ട് പേരെ കൂടെ ചെന്താമര കൊലപ്പെടുത്തിയത്. 2019 ൽ കൊലപാതകത്തിന് മുൻപ് തന്നെ ഇയാൾ സജിതയടക്കം കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെന്നാണ് സിപിഎം നേതാവായ ശിവൻ പറയുന്നത്.