തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ യുവതിയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. നിര്‍ണായകമായ തെളിവുകൾ പൊലീസിന് ലഭിച്ചു. കുറ്റ കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട വിനീതയെ 11 മണിവരെ കടയുടെ പുറത്തു ആളുകൾ കണ്ടിരുന്നു. ഇതിന് ശേഷം ആരും ഇവരെ കണ്ടിട്ടില്ല. പിന്നീട് കൊലപാതക വാര്‍ത്തയാണ് പുറത്ത് വന്നത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാള്‍ കയറിപ്പോകുന്നതും തുടര്‍ന്ന് 20 മിനിറ്റിനുള്ളില്‍ ഇയാള്‍ പുറത്തുപോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാം. കടയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇയാളുടെ കൈയില്‍ മുറിവേറ്റിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി. കൈയില്‍ മുറിവേറ്റിട്ടുണ്ടെങ്കില്‍ അത്തരമൊരാളെ തിരിച്ചറിയാന്‍ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് ശേഷം ഉച്ചവരെ കടയിലേക്ക് മറ്റാരും വന്നിട്ടില്ല. അതിനാല്‍ വിനീതയെ അവസാനമായി ജീവനോടെ കണ്ടയാള്‍ ഇയാളാകുമെന്നാണ് നിഗമനം.
ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ നാലരപ്പവന്റെ മാല മോഷണം പോയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ പരാതി. എന്നാല്‍ വില്പനശാലയിലെ കളക്ഷന്‍ പണമായ 25,000 രൂപ വിനീതയുടെ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു. അതിനാല്‍ മോഷണശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.