തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ദിനം തന്നെ പിണറായി സര്‍ക്കാര്‍ വിവാദങ്ങളിലേക്ക് പോകുകയാണോ. പരസ്യ പ്രചാരണത്തിന് പിണറായി സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍ എന്നാണ് ആരോപണം. ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞ അധികൃതരുടെ ഇത്തരം ധൂര്‍ത്ത് വിമര്‍ശനങ്ങള്‍ക്ക് ഇടവെക്കുകയാണ്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി ദേശീയദിനപത്രങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ഒന്നാം പേജ് പരസ്യം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മൂലം മന്ത്രിമന്ദിരങ്ങള്‍ മോടികൂടേണ്ടെന്ന നിര്‍ണായക തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അടക്കം വളരെ ലളിതമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പരസ്യത്തിനു മാത്രമായി കോടികള്‍ ചെലവഴിച്ചത് സര്‍ക്കാരിന് തലവേദനയാകും. സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമാക്കാന്‍ മാത്രം അരക്കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. പിണറായി വിജയന്റെ ചിത്രത്തോട് കൂടിയുള്ള പരസ്യം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ആക്ഷേപമുണ്ട്.
പ്രധാനമന്ത്രി, രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രി തുടങ്ങിയവരുടെ ചിത്രങ്ങളാണ് പരസ്യപ്രചാരണത്തിനായി ഉപയോഗിക്കാന്‍ അനുവാദമുളളത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് നിയുക്ത മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചുളള പരസ്യം സുപ്രീംകോടതി വിധിയുടെ ലംഘനമായാണ് വിദഗദ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരിടത്തും പോലും ഇടതു മുന്നണി സര്‍ക്കാര്‍ എന്ന പരമാര്‍ശമില്ല പകരം പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നാണ് പരസ്യത്തില്‍ പരമാര്‍ശിച്ചിരിക്കുന്നത്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുമെന്ന് നിയുക്ത ധനമന്ത്രി തോമസ് ഐസക് പരസ്യമായി പ്രതികരിച്ചിരുന്നു. കാലിയായ ഖജനാവ് വെല്ലുവിളിയാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കുമെന്ന് ധനമന്ത്രി തന്നെ പറയുന്ന സാഹചര്യത്തിലാണ് ഈ ധൂര്‍ത്ത്.
15 വര്‍ഷം മുമ്പ് കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് ഇപ്പോഴത്തേതെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തന്നെയായിരിക്കും പിണറായി വിജയന്‍ സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുക. 201516 സാമ്പത്തികവര്‍ഷത്തെ പൊതുകടം 14874.49 കോടിയോളം രൂപയാണ്.കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനത്തോളം തുക ദൈനംദിന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉളളത്.